തിരുവനന്തപുരം, 2026 ജൂൺ 17 –
ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനപ്രകാരമാണ് എസ്ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാറിനെതിരെയും അന്വേഷണം നടക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടർനടപടി. പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ റിപ്പോർട്ട് കോടതി തള്ളുകയും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനമായത്.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിട്ടെന്നായിരുന്നു പരാതി. സംഭവത്തിന് പിന്നാലെ ഇൻഡിഗോ അന്വേഷണം നടത്തുകയും ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇൻഡിഗോ യാത്ര ഒഴിവാക്കിയ ഇ പി, പിന്നീട് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാൻ ഡൽഹിയിലേക്ക് പോയപ്പോഴാണ് വീണ്ടും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്.