കൊച്ചി, 2026 ജൂണ്‍ 15 –
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ അന്‍സിബ ഹസന് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അന്‍സിബയുടെ നടപടി. കഴിഞ്ഞ ദിവസമാണ് പരാതി കോടതിയില്‍ നല്‍കിയത്.
വാട്സ്ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയ നല്കിയ പരാതിയെ തുടര്‍ന്നാണ് തൃപ്പൂണിത്തുറ പൊലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നും അവിടെ മാനസികമായി പീഡിപ്പിക്കപ്പെട്ടതായും അന്‍സിബ ആരോപിക്കുന്നു. ഈ പരാതിയില്‍ തൃക്കാക്കര എസിപി അന്വേഷണം നടത്തി കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെയാണ് അന്‍സിബ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്‍സിബയുടെയും ലക്ഷ്മിപ്രിയയുടെയും മൊഴി നേരത്തെ എസിപി രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിത എസ്ഐ, ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. കോടതി പരാതി ഉടന്‍ തന്നെ പരിഗണിക്കുമെന്നാണ് വിവരം.