ന്യൂഡല്‍ഹി: ആഗ്രയില്‍ 34 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് റാഞ്ചിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കി. പ്രതി പ്രദീപ് ഗുപ്തയെ കാലിന്റെ മുട്ടിന് താഴെ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഗ്വാളിയോറിലെ പവന് അറോറയുടെ സ്വകാര്യബസ്സ് നടുറോഡില്‍ തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ഇറക്കിവിട്ടശേഷം ബസുമായി ഇയാളും സംഘവും കടന്നുകളഞ്ഞത്.
ഇതോടെ ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയെന്നായി അഭ്യൂഹങ്ങള്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും സംഭവത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
ബസ് ഉടമ അറോറയുമായിയുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റാഞ്ചല്‍ നടത്തിയത്. മോട്ടോര്‍ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രദീപിനെ പോലീസ് പിന്തുടര്ന്ന് പിടികൂടിയത്. ടോള്‍ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ബസ്സ് റാഞ്ചിയ വ്യക്തി പ്രദീപ് ഗുപ്തയാണെന്ന് സ്ഥിരീകരിച്ചത്. അറോറയുടെ ബന്ധുക്കളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.ഇയാള്‍ ഉപയോഗിച്ച എസ്.യു.വി ഇനിയും കണ്ടെത്താനുണ്ടെന്നും പോലീസ് അറിയിച്ചു. പ്രദീപടക്കം അഞ്ചുപേരാണ് ബസ്സ് റാഞ്ചലിന് പിന്നിലുണ്ടായിരുന്നത്.വായ്പാ തിരിച്ചടവ് മുടങ്ങിയതും ബസ് ഉടമ കഴിഞ്ഞദിവസം മരിച്ചതിനെയും തുടര്‍ന്നായിരുന്നു പ്രദീപിന്റെയും സംഘത്തിന്റെയും നീക്കം.
ഗുരുഗ്രാമില്‍നിന്ന് മധ്യപ്രദേശിലേക്ക് പോവുകയായിരുന്ന ബസാണ് ഇവര്റോഡില് തടഞ്ഞ് പിടിച്ചെടുത്തത്. സംഭവത്തിന് പിന്നാലെ ഇറക്കിവിട്ട ഡ്രൈവറും കണ്ടക്ടറും സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇട്ടാവയില്നിന്ന് ബസ് കണ്ടെടുത്തു. എന്നാല്‍ ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതോടെ യു.പി. പോലീസ് മധ്യപ്രദേശ് പോലീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി.ബസ് പിടിച്ചെടുത്ത സംഘം കുറച്ചുദൂരം പിന്നിട്ടപ്പോള്‍ തന്നെ യാത്രക്കാരെ ഇറക്കിവിട്ട് മറ്റൊരു ബസില്‍ ഝാന്‍സിയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന് വിവിധ ബസുകളിലായി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കയറ്റിവിടുകയും ചെയ്തു.
സംഭവത്തില്‍ ഫിനാന്‍സ് കമ്പനിയാണ് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ കേസെടുത്തതായും ആഗ്ര പോലീസ് മേധാവി ബബ്ലു കുമാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് ബസിന്റെ ഉടമ മരണപ്പെട്ടത്. അവരുടെ കുടുംബവുമായി പോലീസ് സംസാരിച്ചിരുന്നു. കുറച്ചുദിവസം മുമ്പ് പണമിടപാടുമായി ബന്ധപ്പെട്ട് ചിലര്‍ വീട്ടില്‍വന്നതായും തര്‍ക്കമുണ്ടായതായും കുടുംബം പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

