കോഴിക്കോട്, 2026 ജൂൺ 12 –
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം സന്ദർശിച്ച അദ്ദേഹം നിലവിലെ സാഹചര്യം വിലയിരുത്തി.
ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും എംഎൽഎ എന്ന നിലയിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി. തുടർന്ന് ജില്ലാ കളക്ടറുമായും ജില്ലാ മെഡിക്കൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തി നിലവിലെ സാഹചര്യം, പ്രതിരോധ നടപടികൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളുടെ സഹകരണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുകയാണ്.