ഹൈലൈറ്റുകൾ
- പെൺഭ്രൂണഹത്യ തടയുന്ന നിയമം കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
- രാജ്യത്ത് പെൺകുട്ടികളുടെ ജനനനിരക്ക് ഇപ്പോഴും ആശങ്കാജനകമാണെന്ന് കോടതി വ്യക്തമാക്കി.
- ആൺകുഞ്ഞിനോടുള്ള പ്രത്യേക താൽപര്യം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു.
- ലിംഗനിർണയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ നിസാരമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.
- പെൺകുട്ടികൾക്ക് തുല്യ അവകാശവും സുരക്ഷിതമായ ജീവിതവും ഉറപ്പാക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഇന്ത്യയിൽ പെൺകുഞ്ഞുങ്ങൾക്കെതിരായ വിവേചനം പഴയൊരു സാമൂഹിക പ്രശ്നമാണ്. നിയമങ്ങൾ ശക്തമായിട്ടും, വിദ്യാഭ്യാസം വ്യാപകമായിട്ടും, സ്ത്രീകളുടെ സാമൂഹിക നില മെച്ചപ്പെട്ടിട്ടും ആൺകുഞ്ഞിനോടുള്ള പ്രത്യേക താൽപര്യവും ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനവും പൂർണമായും അവസാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ്. പെൺഭ്രൂണഹത്യയും ലിംഗനിർണയ പരിശോധനകളും തടയുന്നതിനായി കൊണ്ടുവന്ന നിയമം കർശനമായി നടപ്പാക്കേണ്ടത് ഇപ്പോഴും അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഒരു ഡോക്ടർ തന്റെ സോണോഗ്രാഫി കേന്ദ്രത്തിൽ നിയമപ്രകാരം സൂക്ഷിക്കേണ്ട രേഖകളിൽ അപാകതകൾ ഉണ്ടായെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം തടയുന്നതിനായി നിലവിലുള്ള ഗർഭധാരണത്തിന് മുമ്പും ഗർഭകാലത്തും നടത്തുന്ന രോഗനിർണയ സാങ്കേതികവിദ്യകൾ (ലിംഗനിർണയ നിരോധന) നിയമം, 1994 പ്രകാരമാണ് നടപടികൾ സ്വീകരിച്ചിരുന്നത്. രേഖകളിലെ അപാകതകൾ സാങ്കേതിക പിഴവുകൾ മാത്രമാണെന്നും അതിന്റെ പേരിൽ ക്രിമിനൽ നടപടികൾ തുടരുന്നത് ശരിയല്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ നിയമത്തിന്റെ ലക്ഷ്യവും സാമൂഹിക പശ്ചാത്തലവും പരിഗണിച്ച് സുപ്രീം കോടതി ഈ വാദം അംഗീകരിച്ചില്ല.
സ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിധി ഒരു ഡോക്ടറുടെ കേസിൽ മാത്രമായി ഒതുങ്ങുന്നില്ല; ഇന്ത്യയിലെ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യ മനോഭാവത്തെക്കുറിച്ചുമുള്ള ശക്തമായ സന്ദേശം കൂടിയാണിത്.
1,000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ
രാജ്യത്തെ ലിംഗാനുപാതത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി അംഗീകരിച്ചു. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം മൊത്തത്തിലുള്ള സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 1,000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജൈവപരമായി പ്രതീക്ഷിക്കപ്പെടുന്ന സ്വാഭാവിക അനുപാതത്തേക്കാൾ ഇത് കുറവാണ്.
1991-ൽ 1,000 ആൺകുട്ടികൾക്ക് 945 പെൺകുട്ടികൾ ഉണ്ടായിരുന്ന ബാലലിംഗാനുപാതം 2001-ൽ 927 ആയും 2011-ൽ 919 ആയും കുറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. സമീപകാല കണക്കുകൾ ചില പുരോഗതി കാണിക്കുന്നുണ്ടെങ്കിലും അത് യഥാർഥ ലിംഗസമത്വത്തിലേക്കുള്ള യാത്ര പൂർത്തിയായെന്ന് തെളിയിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുമ്പുണ്ടായിരുന്ന ഗുരുതരമായ ലിംഗ അസന്തുലിതാവസ്ഥയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ആൺകുഞ്ഞിനോടുള്ള പ്രത്യേക താൽപര്യത്തിന്റെ തെളിവാണെന്നും, നിയമവിരുദ്ധമായ ലിംഗനിർണയ രീതികൾ ഇപ്പോഴും മറവിൽ തുടരുന്നുണ്ടെന്നതിനുള്ള സൂചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ചെറിയ ലംഘനങ്ങളെപ്പോലും നിസാരമായി കാണാൻ കഴിയില്ലെന്ന് കോടതി
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തൊഴിൽ പങ്കാളിത്തത്തിലും അവകാശങ്ങളിലും പുരോഗതി ഉണ്ടായിട്ടും, ഒരു പെൺകുഞ്ഞ് ജനിക്കുന്നത് സംബന്ധിച്ചുള്ള സാമൂഹിക ആശങ്കകൾ ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങളുടെ കർശനമായ നടപ്പാക്കലും ബോധവത്കരണ പ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും ചേർന്നാണ് ഇന്നത്തെ പുരോഗതി കൈവരിച്ചതെന്നും, എന്നാൽ സമൂഹത്തിന്റെ മനോഭാവത്തിൽ പൂർണമായ മാറ്റം ഉണ്ടാകുന്നതുവരെ ഈ പോരാട്ടം തുടരേണ്ടിവരുമെന്നും കോടതി പറഞ്ഞു
വിധിയുടെ പ്രാധാന്യം
ഈ വിധി ഒരു ഡോക്ടറുടെ കേസിൽ നൽകിയ നിയമപരമായ തീരുമാനം മാത്രമല്ല. പെൺകുഞ്ഞിന് ജനിക്കാനുള്ള അവകാശം പോലും ഒരുകാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്ന ഇന്ത്യയിൽ, ആൺകുഞ്ഞിനോടുള്ള സാമൂഹിക മുൻഗണന ഇപ്പോഴും പൂർണമായി ഇല്ലാതായിട്ടില്ലെന്ന് സുപ്രീം കോടതി തുറന്നുപറഞ്ഞതിന്റെ പ്രാധാന്യമാണ് ഇതിലുള്ളത്. ലിംഗസമത്വം എന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല; ഒരു പെൺകുഞ്ഞ് സുരക്ഷിതമായി ജനിക്കുകയും സമൂഹത്തിൽ തുല്യ അംഗീകാരം നേടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതുമാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പെൺഭ്രൂണഹത്യയും ലിംഗനിർണയവും തടയുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടത് നിയമപരമായ ആവശ്യകത മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനായുള്ള സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.


