ചെറുതോണി, 2026 ജൂൺ 12 –
ചെറുതോണിക്ക് സമീപം വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ റോഡരികിലെ വലിയ മരം യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പാപ്പൻസ് കിച്ചന് സമീപമുള്ള മരം വൈദ്യുതിലൈനിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന റോഡിലാണിത്.
സ്കൂൾ വാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകുന്നു. മരം റോഡിലേക്ക് വീഴുകയോ വൈദ്യുതിലൈനിന് മുകളിലേക്ക് പതിക്കുകയോ ചെയ്താൽ വലിയ അപകടത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ മരത്തിന്റെ അവസ്ഥ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീതിയുണ്ടാക്കുന്നുണ്ട്.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മരം കടപുഴകി വീഴാനുള്ള സാധ്യത വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.