പ്രധാന വിവരങ്ങൾ
- സൈനബയ്ക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു.
- സംഭവം കരുളായി റേഞ്ച് പരിധിയിൽ.
- വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
- വാരിയെല്ലുകൾ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി.
- മുക്കം കെഎംസിടി ആശുപത്രിയിൽ ചികിത്സയിലാണ്.

News Portal

എടക്കര, 2026 ജൂൺ 10 –
മലപ്പുറം എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന്റെ തേക്ക് പ്ലാൻറേഷൻ കരാർ തൊഴിലാളിക്ക് പരിക്കേറ്റു. മൂത്തേടം ബാലംകുളം വടക്കേത്തലയൻ ഹംസയുടെ ഭാര്യ സൈനബ (62)യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തെ തുടർന്ന് സൈനബയെ മുക്കം കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2026 തേക്ക് പ്ലാൻറേഷൻ പ്രവൃത്തിയുടെ ഭാഗമായി തൊഴിലാളികൾ വനത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആദ്യ ട്രിപ്പിൽ വാഹനത്തിൽ കയറാൻ കഴിയാതിരുന്ന ഒമ്പത് തൊഴിലാളികൾ വനത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എതിരെ വന്ന കുട്ടിയാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും സൈനബയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ആനക്കുട്ടി ആക്രമിക്കുകയായിരുന്നു. കാലുകൊണ്ടുള്ള ചവിട്ടോ തുമ്പിക്കൈ കൊണ്ടുള്ള അടിയോ ഏറ്റതിനെ തുടർന്ന് സൈനബയുടെ വാരിയെല്ലുകൾക്ക് ഗുരുതര പരിക്കേറ്റു.
ആദ്യം എടക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച സൈനബയെ വിദഗ്ധ പരിശോധനകൾക്ക് ശേഷം മുക്കം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. വാരിയെല്ലുകൾ പൊട്ടിയതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കരുളായി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ പറഞ്ഞു. ആക്രമണമുണ്ടായ സ്ഥലത്ത് ഈ കുട്ടിയാനയെ പതിവായി കാണാറുണ്ടെങ്കിലും ആദ്യമായാണ് ആക്രമണമുണ്ടാകുന്നതെന്ന് തൊഴിലാളികളും പറഞ്ഞു.