ന്യൂഡൽഹി, 2026 ജൂൺ 6
യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് ഇന്ന് (ജൂൺ 6)ഉച്ചയ്ക്ക് പന്ത്രണ്ടിന് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ “വികസിത ഭാരതത്തിനായി യുവജനങ്ങൾ – മേരാ യുവ ഭാരത് യുവജന മഹാസമ്മേളനം” സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ, യുവതികൾ, സംരംഭകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, പുതുമ കണ്ടെത്തുന്നവർ, വളർന്നുവരുന്ന നേതാക്കൾ, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർ എന്നിവരാണ് പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നത്.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി മൻസുഖ് മാണ്ഡവിയയും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ വേഗമേറിയ ഓട്ടതാരമായ ഗുരിന്ദർവീർ സിങ്, നടൻ വിക്രാന്ത് മാസി, സംരംഭകൻ അമൻ ഗുപ്ത, ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്രാവത്, വിവിധ മേഖലകളിലെ യുവ പ്രചോദന വ്യക്തിത്വങ്ങൾ എന്നിവരും യുവാക്കളുമായി സംവദിക്കും. കായികം, സംരംഭകത്വം, ഭരണനിർവഹണം, ഉള്ളടക്ക സൃഷ്ടി തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച യുവ പ്രതിഭകളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
വികസിത ഭാരതം ലക്ഷ്യമിട്ടുള്ള യുവജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഒരു ആഴ്ചയ്ക്കിടെ ഏറ്റവും കൂടുതൽ പേർ ഓൺലൈൻ ചോദ്യോത്തര മത്സരത്തിൽ പങ്കെടുത്തതിനുള്ള ലോക റെക്കോർഡ് നേട്ടവും ചടങ്ങിൽ ആഘോഷിക്കും. ഈ സംരംഭത്തിൽ രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും അമ്പത് ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു. ഔദ്യോഗിക വിലയിരുത്തൽ കാലയളവിൽ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റായിരത്തി എണ്ണൂറ്റിപ്പന്ത്രണ്ട് പേർ മത്സരം വിജയകരമായി പൂർത്തിയാക്കുകയും പുതിയ ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. വികസിത ഭാരതം ലക്ഷ്യമാക്കി യുവജനങ്ങളുടെ ആഗ്രഹങ്ങളും നേട്ടങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയായിരിക്കും ഈ മഹാസമ്മേളനം.
.