ചെന്നൈ, 2026 ജൂൺ 6 –
തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു. “വി ദ് ലീഡേഴ്സ്” എന്ന പേരിലുള്ള ഈ പ്രസ്ഥാനം തമിഴ്നാട്ടിലെ വ്യക്തിപൂജയും കുടുംബാധിപത്യ രാഷ്ട്രീയവും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അബ്ദുൾ കലാമിനെ മാനവികതയുടെ പ്രതീകവും അഭിമാനകരമായ തമിഴനുമാണ് അണ്ണാമലൈ വിശേഷിപ്പിച്ചത്. “കലാം സ്കൂൾ ഓഫ് ഐഡിയോളജി” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്ഥാനത്തിന് കീഴിൽ “എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്” എന്ന സ്ഥാപനം പ്രവർത്തിക്കുമെന്നും അണ്ണാമലൈ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര വികസനം, യുവജന നേതൃത്വം തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വേദിയായിരിക്കും ഈ സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായും പിന്നീട് സംസ്ഥാന അധ്യക്ഷനായും ഉയർന്ന അണ്ണാമലൈ ആറുവർഷത്തോളം തമിഴ്നാട്ടിൽ പാർട്ടിയുടെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രസ്ഥാനം ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം സൂചന നൽകി. അണ്ണാമലையின் പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജനും പാർട്ടി വിട്ട് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.