.
.
കൊച്ചി: പ്രണയബന്ധത്തെ ചൊല്ലി ക്രൂര കൊലപാതകം .എറണാകുളം പള്ളുരുത്തിയിൽ മകളെ പ്രണയിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. അയ്യംവേലി പറമ്പിൽ ഷിജോയ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ ജോബി, സുഹൃത്തുക്കളായ ജെൻസൻ, ഹരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ കുറ്റം സമ്മതിച്ചു
ഷിജോയിയെ കുത്തിയത് ജെൻസനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ജോബിയും ഹരീഷും കൂട്ടുനിന്നതായും കണ്ടെത്തിയിട്ടുണ്ട്.
രാത്രി പത്ത് മണിക്ക് നാടിനെ നടുക്കിയ ആക്രമണം
മെയ് 31 ന് രാത്രി പത്ത് മണിയോടെയാണ് പള്ളുരുത്തി വെളിയിൽ കൊലപാതകം നടന്നത്. ഷിജോയിയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് നെഞ്ചിലും വയറിലും മാരകമായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജോയ് ആശുപത്രിയിലെത്തിക്കും മുമ്പ് മരണത്തിന് കീഴടങ്ങി.
പ്രണയബന്ധത്തെ ചൊല്ലിയ വൈരാഗ്യം
ജോബിയുടെ മകളുമായി ഷിജോയ് അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുമായി ഇനി സംസാരിക്കരുതെന്ന് ജെൻസൻ നേരത്തെ ഷിജോയിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൊലായുധം കണ്ടെത്തി
സംഭവത്തിന് പിന്നാലെ മൂന്ന് പ്രതികളെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണത്തിനൊടുവിൽ കൊലപാതകത്തിന്റെ കാരണം വ്യക്തമായി. കൊല നടത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.