ലക്നോ | മേയ് 30
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം അഹിംസയായിരിക്കണമെന്നും എന്നാൽ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുന്നവർക്കെതിരെ ബലപ്രയോഗം അനിവാര്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നോയിൽ നൗസേന ശൗര്യ വാടിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രമേ വികസനം സാധ്യമാകൂവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ സുരക്ഷയ്ക്കും സായുധ സേനയോടുള്ള ആദരവിനും രാജ്യം വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികരുടെ ത്യാഗത്തെ ഓരോ പൗരനും ബഹുമാനിക്കേണ്ടത് കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം സുരക്ഷിതമായിരിക്കുമ്പോഴാണ് വികസന പ്രവർത്തനങ്ങൾ പൂർണതോതിൽ മുന്നോട്ട് പോകാനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മനുഷ്യരാശിയുടെ യഥാർത്ഥ മതം അഹിംസയാണ്. എന്നാൽ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായവർക്കെതിരെ അഹിംസ കൊണ്ട് മാത്രം കാര്യമില്ല. അത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗം അനിവാര്യമാകും” എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.
അഹിംസയാണ് പരമധർമ്മമെങ്കിലും ധർമ്മസംരക്ഷണത്തിനായുള്ള ഹിംസയും ധർമ്മമാണെന്ന സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. ദേശീയ സുരക്ഷയും നീതിയും സംരക്ഷിക്കാൻ ആവശ്യമായ ശക്തിപ്രയോഗം ന്യായമാണെന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.