ന്യൂഡൽഹി: നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉണ്ടായ വൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ 0.001 ശതമാനം വീഴ്ച ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും അതിന്മേൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി എൻടിഎയോട് ആവശ്യപ്പെട്ടു
എൻടിഎ അധികൃതർക്ക് താക്കീത്
“പരീക്ഷാ നടത്തിപ്പിൽ എന്തെങ്കിലും അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായി സമ്മതിക്കണം. കുട്ടികൾ പരീക്ഷയ്ക്ക് വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നമ്മൾ ഓർക്കണം. അതിനാൽ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ തന്നെ കാണണം,” എന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് എൻടിഎ അധികൃതർക്ക് താക്കീത് നൽകി.
പരാതികളിൽ വ്യക്തമായ മറുപടി നൽകാൻ കോടതി എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും നിർദേശം നൽകി
പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, കൃത്രിമം, വിദ്യാർത്ഥികൾക്ക് വ്യാപകമായി ഗ്രേസ് മാർക്ക് നൽകിയത് എന്നിവ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പരീക്ഷ പൂർണമായി റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഈ പരാതികളിൽ എത്രയും വേഗം വ്യക്തമായ മറുപടി നൽകാൻ കോടതി എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി.