ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ പരാജയത്തിൽ ആഹ്ലാദിക്കുന്ന സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇത്തരം “അൽപത്തരങ്ങൾ” മാറ്റിനിർത്തണമെന്നും ജനാധിപത്യം തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ വലിയൊരു ഘട്ടമാണ് ബംഗാളിലെ വിജയമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് നേതാക്കളുടെ നിലപാട് ലജ്ജാകരം
.മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പരാജയത്തെ പരിഹസിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് ലജ്ജാകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് ഇന്ത്യയുടെ ജനാധിപത്യം നേരിടുന്ന ഭീഷണിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മമതയുടെ ആരോപണത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി
ബംഗാളിൽ നൂറോളം സീറ്റുകൾ ബിജെപി മോഷ്ടിച്ചതാണെന്ന മമതയുടെ ആരോപണത്തെ രാഹുൽ ഗാന്ധി പിന്തുണച്ചു. ജനവിധിയെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചതെന്ന മമതയുടെ നിലപാടിൽ താനും യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.