.
വത്തിക്കാൻ സിറ്റി: ആംഗ്ലിക്കൻ സഭയുടെ പ്രഥമ വനിതാ അധ്യക്ഷയും കാന്റർബറി ആർച്ച്ബിഷപ്പുമായ സാറാ മുല്ലലി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.വത്തിക്കാനിലെ അപ്പസ്തൊലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ചു പ്രാർഥിച്ചു. അപ്പസ്തൊലിക് കൊട്ടാരത്തിൽ 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഉർബൻ എട്ടാമൻ ചാപ്പലിലാണ് ഇരുവരും ഒരുമിച്ചു പ്രാർഥിച്ചത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
ക്രൈസ്തവർക്കിടയിലെ ഭിന്നതകൾ സമാധാനം ഫലപ്രദമായി നൽകാനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തും,
അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഇരു സഭാവിഭാഗങ്ങളും പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചയിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ക്രൈസ്തവർക്കിടയിലെ ഭിന്നതകൾ, ലോകത്തിന് ഈശോമിശിഹായുടെ സമാധാനം ഫലപ്രദമായി നൽകാനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ലോകം നമ്മുടെ ആഹ്വാനങ്ങളെ ഹൃദയത്തിൽ സ്വീകരിക്കണമെങ്കിൽ സുവിശേഷ പ്രഘോഷണത്തിനു വിഘാതമാകുന്ന ഏതൊരു തടസവും നീക്കം ചെയ്യാൻ നാം പ്രാർഥനയിലും ശ്രമങ്ങളിലും ഒത്തൊരുമയുള്ളവരായിരിക്കണം.
വെല്ലുവിളികളും അഭിപ്രായവ്യത്യാസങ്ങളും ക്രിസ്തുവിനെ ഒരുമിച്ച് ലോകത്തിനു മുന്നിൽ പ്രഘോഷിക്കാൻ നമ്മെ തടയാൻ അനുവദിക്കരുത്
വെല്ലുവിളികളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും അതൊന്നും ക്രിസ്തുവിനെ ഒരുമിച്ച് ലോകത്തിനു മുന്നിൽ പ്രഘോഷിക്കാൻ നമ്മെ തടയാൻ അനുവദിക്കരുത്. വിശ്വാസത്തിലും കൂദാശാജീവിതത്തിലും സമ്പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ദൈവശാസ്ത്ര സംഭാഷണങ്ങളെ അനുസ്മരിച്ച മാർപാപ്പ, സങ്കീർണതകൾക്കിടയിലും ഈ എക്യുമെനിക്കൽ യാത്ര ഫലം കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ശുശ്രൂഷയോടുള്ള നന്ദി അറിയിച്ച് മാർപാപ്പ,
ആർച്ച്ബിഷപ് മുല്ലലിയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് സൗഹൃദത്തിലും സംഭാഷണത്തിലും ഒരുമിച്ച് യാത്ര ചെയ്യുന്നത് തുടരട്ടെയെന്നും പ്രാർഥിച്ചു.ഈസ്റ്റർ കാലത്ത് കാന്റർബറി ആർച്ച്ബിഷപ്പിനെ സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ച മാർപാപ്പ, 60 വർഷം മുമ്പ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയും അന്നത്തെ കാന്റർബറി ആർച്ച്ബിഷപ് മൈക്കിൾ റാംസെയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയെ അനുസ്മരിച്ചു. റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ശുശ്രൂഷയോടുള്ള നന്ദി അറിയിച്ച മാർപാപ്പ, വത്തിക്കാനിൽ കാന്റർബറി ആർച്ച്ബിഷപ്പിനെ പ്രതിനിധീകരിക്കുന്ന ബിഷപ് ആന്റണി ബോളിനെ അഭിവാദ്യം ചെയ്യുകയുമുണ്ടായി.
മാർപാപ്പയ്ക്ക് ആർച്ച്ബിഷപ് സാറാ മുല്ലലി പിന്തുണ അറിയിച്ചു.
യുദ്ധത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന മാർപാപ്പയ്ക്ക് ആർച്ച്ബിഷപ് സാറാ മുല്ലലി പിന്തുണ അറിയിച്ചു. ലോകത്തിലെ നിരവധി അനീതികളെക്കുറിച്ച് അങ്ങ് ശക്തമായി സംസാരിക്കുന്നുവെന്നും പ്രത്യാശയെക്കുറിച്ച് അതിലും ശക്തമായി അങ്ങ് സംസാരിക്കുന്നുവെന്നും ലെയോ മാർപാപ്പയോട് സാറാ മുല്ലലി പറഞ്ഞു. ആഫ്രിക്കയിലേക്കുള്ള അങ്ങയുടെ തീർഥാടനം ജീവനും സന്തോഷവും നിറഞ്ഞതായിരുന്നു. ഈ സമയത്ത് ലോകത്തിന് ഈ സന്ദേശം ആവശ്യമായിരുന്നുവെന്നും സാറാ മുല്ലലി മാർപാപ്പയോടു പറഞ്ഞു.
.



