മതവികാരം വ്രണപ്പെടുത്തി പോസ്റ്റിട്ടു: ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനെതിരേ കേസ്

റായ്പൂര്‍: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിര്‍ന്ന ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ രണ്ട് ഉപയോക്താക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് എക്‌സിക്യൂട്ടീവും ന്യൂഡല്‍ഹി സ്വദേശിയുമായ അങ്കി ദാസ്, മുംഗേലി സ്വദേശി രാം സാഹു, ഇന്‍ഡോര്‍ സ്വദേശി വിവേക് സിന്‍ഹ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 (എ), 505 (1) (സി), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 500 (മാനനഷ്ടം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും വന്നതായും പരാതിയില്‍ പറയുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ വിവാദം ശക്തമായിരിക്കെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഡല്‍ഹി സൈബര്‍ പൊലീസിന് അങ്കി ദാസ് പരാതി നല്‍കിയിരുന്നു. ഛത്തീസ്ഗഡിലെ മാധ്യമ പ്രവര്‍ത്തകനായ അവേശ് തിവാരി അടക്കം അഞ്ച് പേരെ ഉള്‍പ്പെടുത്തി പൊലീസ് എഫ്‌ഐആര്‍ ഇട്ടു. ഇതിന് പിന്നാലെയാണ് അവേശിന്റെ പരാതി പ്രകാരം അങ്കി ദാസിനെതിരെ റായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →