ഭുവനേശ്വര്‍ | ഒഡീഷയില്‍ മയുര്‍ഭഞ്ചിലെ റാസ്‌ഗോവിന്ദ്പുര്‍ ബ്ലോക്കിലെ കാകബന്ധ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ വിദ്യാര്‍ഥി മരിച്ചു. രൂപാലി ബെസ്‌റ എന്ന അഞ്ചാം ക്ലാസ്സുകാരിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. അസ്വാസ്ഥ്യമനുഭവപ്പെട്ട 150തോളം കുട്ടികളെ റാസ്‌ഗോവിന്ദപുര്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരിലെ ചിലരെ പിന്നീട് മുര്‍മു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പെട്ടവരാണ് ഭക്ഷ്യവിഷബാധക്ക് ഇരയായത്. ‘പകാല’ എന്ന അരിഭക്ഷണം, ഉടച്ച ഉരുളക്കിഴങ്ങ് കറി, മാങ്ങാച്ചമ്മന്തി എന്നിവയാണ് കുട്ടികള്‍ കഴിച്ചത്. ഇവയൊന്നും വിദ്യാര്‍ഥികളുടെ അംഗീകൃത മെനുവില്‍ ഉള്ളതായിരുന്നില്ല. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്തു..
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. .
