കൊച്ചി: കോല്‍ക്കൊത്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് (14.04.2026) കൊച്ചിയിലെത്തിക്കും. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവാന്‍ ജോസ് ജെബിനെയാണ് (19) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്ത്യയിലെ പ്രമുഖ നിയമ സര്‍വകലാശാലയായ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവാന്‍.
സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോലീസ് നിഗമനം
.
പാലാരിവട്ടം പഴശിറോഡ് വടശേരി വീട്ടില്‍ ജെബിന്-ജെസി ദമ്പതികളുടെ ഏകമകനാണ്.ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ബിധാന്‍നഗര്‍ സൗത്ത് പോലീസ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളെയും സര്‍വകലാശാല ജീവനക്കാരെയും ചോദ്യം ചെയ്തു. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് നിഗമനം.
വിദ്യാര്‍ഥി മെസിലേക്ക് പോകും വഴി കാല് തെന്നി വീഴുകയായിരുന്നു. കെട്ടിടത്തില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ മുകളില്‍ നിന്ന് താഴേക്ക് വീണതാകാം എന്നാണ് കണ്ടെത്തല്‍. ബിധാന്‍നഗര്‍ താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
