ഇസ്ലാമാബാദ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനിടെ ഇസ്രയേൽ ലബനനെ ആക്രമിച്ചതിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.ഇസ്രായേൽ തിന്മയാണെന്നും മനുഷ്യത്വത്തിന്മേലുള്ള ശാപമാണെന്നും ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിൽ മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി.
ഈ കാൻസർ രാഷ്ട്രം സൃഷ്ടിച്ച ആളുകൾ നരകത്തിൽ എരിയുമെന്ന് ഖ്വാജ ആസിഫ്
“ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ, ലെബനനിൽ വംശഹത്യ നടക്കുന്നു. നിരപരാധികളായ പൗരന്മാരെ ഇസ്രയേൽ കൊല്ലുന്നു. ആദ്യം ഗാസ, പിന്നീട് ഇറാൻ, ഇപ്പോൾ ലബനൻ, രക്തച്ചൊരിച്ചിൽ തടസമില്ലാതെ തുടരുന്നു. യൂറോപ്യൻ ജൂതന്മാരെ ഇല്ലാതാക്കാൻ പലസ്തീൻ മണ്ണിൽ ഈ കാൻസർ രാഷ്ട്രം സൃഷ്ടിച്ച ആളുകൾ നരകത്തിൽ എരിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.’ ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു.
ഒരു സർക്കാരിൽ നിന്നും അംഗീകരിക്കാനാകുന്ന ഒരു പ്രസ്താവനയല്ല ഇതെന്ന് നെതന്യാഹുവിന്റെ ഓഫീസ്
അതേസമയം, ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അതിക്രൂരമാണ് എന്ന് നെതന്യാഹു പ്രതികരിച്ചു.”ഒരു സർക്കാരിൽ നിന്നും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്നും അംഗീകരിക്കാനാകുന്ന ഒരു പ്രസ്താവനയല്ല ഇത്.’- നെതന്യാഹുവിന്റെ ഓഫീസ് എക്സിൽ കുറിച്ചു.
.
