ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പിന്മാറി. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവർക്കൊപ്പം കേസ് പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും പിന്മാറുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള വിഷയം ഹർജിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു സൂര്യകാന്ത് നിലപാട് വ്യക്തമാക്കിയത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു
താത്പര്യ വൈരുധ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ ഭാവി ചീഫ് ജസ്റ്റീസുമാരാകാൻ സാധ്യതയില്ലാത്ത ജഡ്ജിമാരുടെ ഒരു ബെഞ്ച് മുമ്പാകെ ഹർജി പരിഗണിക്കാമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു. അടുത്ത മാസം ഏഴിനു ചീഫ് ജസ്റ്റീസോ ഭാവി ചീഫ് ജസ്റ്റീസുമാരോ ഇല്ലാത്ത മൂന്നംഗ ബെഞ്ചിനു മുന്നിൽ കേസ് ലിസ്റ്റ് ചെയ്യാൻ സൂര്യകാന്ത് ഉത്തരവിട്ടു. 2023ൽ കേന്ദ്രസർക്കാർ പാസാക്കിയ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം സുപ്രീംകോടതിയുടെ മുൻ നിർദേശം പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി 2024ലാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി മുൻ ഉത്തരവ്.
എന്നാൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന സഞ്ജീവ് ഖന്ന വിസമ്മതിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി മുൻ ഉത്തരവ്.എന്നാൽ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി കമ്മീഷണർമാരെ നിയമിക്കുമെന്ന നിയമം 2023 ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കിയതാണ് കേസിന് ആധാരം.
