പെരുമ്പാവൂർ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. തൊഴിലാളികൾ മടങ്ങുന്നത് കേരളത്തിലെ നിർമാണമേഖലയിലും ഹോട്ടൽ, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്ന് തൊഴിലുടമകൾ ചൂണ്ടിക്കാട്ടി .പലയിടത്തും കെട്ടിടനിർമാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുന്ന അവസ്ഥയാണ്. മാർച്ച് മാസമായതിനാൽ പൊതുമരാമത്തിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും നിർമാണജോലികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികൾ മുടങ്ങുന്ന സ്ഥിതിയാണെന്ന് കരാറുകാരും പറയുന്നു.
ഔദ്യോഗിക കണക്കനുസരിച്ച് പെരുമ്പാവൂർ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാർ
പെരുമ്പാവൂർ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാർ ഉണ്ടെന്നാണു ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങൾപ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉത്പാദനം പകുതിയായി കുറഞ്ഞു. വിവിധ കൃഷികളിൽ വിളവെടുപ്പിനും മറ്റു ജോലികൾക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്കു മാന്യമായ തൊഴിൽ സാഹചര്യമൊരുക്കി സർക്കാരുകൾ.
തെരഞ്ഞെടുപ്പ്, പെരുന്നാൾ, വോട്ടർപട്ടികയിൽ പേരുചേർക്കൽ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികൾ വലിയതോതിൽ തങ്ങളുടെ നാടുകളിലേക്ക് തിരിക്കുന്നത്. പശ്ചിമബംഗാളിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തൊഴിലാളികൾക്കു മാന്യമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിൽ സർക്കാരുകൾ പുലർത്തുന്ന ശ്രദ്ധയും കേരളത്തിൽനിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്നും വ്യവസായികൾ ചൂണ്ടിക്കാട്ടി.
