ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷത്തിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വിദേശകപ്പലിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) സ്ഥിരീകരിച്ചു.
ഒമാനിൽ നടന്ന ആക്രമണത്തിലാണ് അപകടം
ഒമാനിൽ നടന്ന ആക്രമണത്തിലാണ് അപകടമെന്നും ഇന്ത്യൻ കപ്പലുകൾക്കു നേരേ ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട നാല് ആക്രമണസംഭവങ്ങളാണ് പശ്ചിമേഷ്യയിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരുടെ മരണം ഒഴിച്ചാൽ ബാക്കിയുള്ളവർ സുരക്ഷിതരാണ്.
മേഖലയിലെ ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബത്തിനും അടിയന്തര സഹായം ലഭ്യമാക്കാൻ പ്രത്യേക ടീം
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മേഖലയിലെ ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബത്തിനും അടിയന്തര സഹായം ലഭ്യമാക്കാൻ സമയബന്ധിത ഏകോപനം ഉറപ്പിക്കുന്നതിന് പ്രത്യേക ടീം രൂപീകരിച്ചതായി ഡിജിഎസ് അറിയിച്ചു. തുടർച്ചയായ ആശയവിനിമയം നിലനിർത്താനും ഡിജിഎസ് നിർദേശിച്ചിട്ടുണ്ട്.

