അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. പോർബന്തറിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് അടുത്താണ് ഇറാനിയൻ സ്പീഡ് ബോട്ട് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇറാൻ പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.ഗുജറാത്ത് എടിഎസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 16 തിങക്ളാഴ്ച അർധരാത്രിയോടെയാണ് സംയുക്ത ഓപ്പറേഷൻ നടന്നത്. കോസ്റ്റ് ഗാർഡ് കപ്പലിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച സ്പീഡ് ബോട്ടിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
203 കിലോ മെത്താംഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത്
ഏകദേശം 203 കിലോ തൂക്കം വരുന്ന മെത്താംഫെറ്റാമൈൻ ആണ് പിടിച്ചെടുത്തതെന്നാണ് പ്രാഥമിക നിഗമനം. അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇറാനിലെ ചാബഹാർ സ്വദേശികളായ അബ്ദുൽ മജീദ് ഇസ്മായിൽ, അബ്ദുൽ സത്താർ ഖാദർബക്ഷ് എന്നിവരെയാണ് ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും ചേർന്ന് പിടികൂടിയത്.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ പിടിച്ചെടുത്ത രാസവസ്തു ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
ഇറാനിലെ തുറമുഖത്ത് നിന്ന് ‘ഹാജി ഫിദ’ എന്ന ലഹരിക്കടത്തുകാരൻ അയച്ച ഈ ശേഖരം, പകുതി കടലിൽ വെച്ച് ഇന്ത്യൻ ബോട്ടിലേക്ക് കൈമാറാനും അവിടെ നിന്ന് പഞ്ചാബിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത് എന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടും ലഹരിമരുന്നും പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോർബന്തറിലെത്തിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ പിടിച്ചെടുത്ത രാസവസ്തു ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
Tags :
