ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്തോ പസഫിക് മേഖല കളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും
ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
