കൊച്ചി: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം വി.കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. അദ്ദേഹത്തിന്റെ പുസ്തകപ്രകാശന ചടങ്ങിനും സംരക്ഷണം നൽകണം. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് സംരക്ഷണം നൽകാനുള്ള നിർദേശം. ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂർ എസ്എച്ച്ഒയ്ക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. സിപിഎം നേതാക്കൾക്കെതിരെ ഫണ്ട് തട്ടിപ്പുകളും മറ്റു ക്രമക്കേടുകളും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്നാണ് പറയപ്പെടുന്നത്.
തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണം
.തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പുസ്തക പ്രകാശന പ്രഖ്യാപനത്തിന് ശേഷം പയ്യന്നൂരിലെ ക്രമസമാധാന നില വഷളായിരിക്കുകയാണെന്ന് ഹർജിയിൽ കുഞ്ഞികൃഷ്ണൻ അവകാശപ്പെട്ടു.
കുഞ്ഞികൃഷ്ണന്റെ ജീവന് യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് ജില്ലാ പോലീസ് മേധാവിയും പയ്യന്നൂർ എസ്എച്ച്ഒയും ഉറപ്പാക്കണമെന്ന് കോടതി
ഹർജി തീർപ്പാക്കുന്നത് വരെ കുഞ്ഞികൃഷ്ണന്റെ ജീവന് യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് ജില്ലാ പോലീസ് മേധാവിയും പയ്യന്നൂർ എസ്എച്ച്ഒയും ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിനും സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. പയ്യന്നൂർ എംഎൽഎ മധുസൂദനൻ ഉൾപ്പടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസയക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണൻ നൽകിയ ഹർജിയിൽ പാർട്ടി നേതാക്കളുടെ പേരുണ്ട്. ഇവർക്ക് പോലീസ് സംവിധാനത്തിൽ സ്വാധീനമുണ്ടെന്നും, തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതിനായി വീടിന് പുറത്ത് ‘സാമൂഹ്യവിരുദ്ധരെ’ അഴിച്ചുവിട്ടതായും അദ്ദേഹം ആരോപിക്കുന്നു
