അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ആദ്യമായി രാജ്യത്ത് പുറപ്പെടുവിച്ചത് കേരളമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ഇന്ത്യയിൽ ആദ്യമായി പുറപ്പെടുവിച്ചത് കേരള സർക്കാറെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് . അമീബിക് മസ്തിഷ്ക ജ്വര രോഗബാധ തടയുന്നതിനായി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയിലുള്ള ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവർക്ക് മതിയായ പരിചരണം

2024 ജൂലൈ മാസത്തിലാണ് സംസ്ഥാനത്ത് രോഗബാധ കൂടുതലായി ഉണ്ടായത്. ഉടൻതന്നെ ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ അമീബിക് മസ്തിഷ്ക ജ്വര രോഗത്തിന് ചികിത്സ മാനദണ്ഡങ്ങൾ ഉത്തരവായി പുറപ്പെടുവിച്ചു. ഇതിൽ രോഗപ്രതിരോധം, രോഗനിരീക്ഷണം , പാരിസ്ഥിതിക നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ മതിയായ പരിചരണം ഉറപ്പാക്കുന്നതിന് പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള ഡോക്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. രോഗികളുടെ സ്രവ പരിശോധന നടത്തുമ്പോൾ വെറ്റ് ഫിലിം പരിശോധന നടത്തുവാനും ആരോഗ്യവകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്.

രോഗനിർണ്ണയ പ്രൊട്ടോകോളിൽ ഉൾപ്പെടുത്തി.

രോഗനിർണ്ണയ പ്രൊട്ടോകോളിൽ പ്രസ്തുത രോഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അവസ്ഥയിൽ ചികിത്സിക്കുവാൻ മിൽറ്റിഫൊസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പി സി ആർ പരിശോധന ലഭ്യമാക്കിയിട്ടുണ്ട്. നീന്തൽ കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയവയിലെ വെള്ളം പരിശോധിക്കുന്നതിനും കൃത്യമായി അണുനശീകരണം നടത്തുന്നതിനും പ്രതിരോധ പ്രവർത്തന റെക്കോർഡുകൾ സൂക്ഷിക്കുവാനും നിർദ്ദേശം നല്കി.

സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ, ജലാശയങ്ങൾ എന്നിവ ക്ലോറിനേറ്റ് ചെയ്യുവാനും ജല സംഭരണികൾ വൃത്തിയാക്കുവാനും ക്യാമ്പയിൽ സംഘടിപ്പിച്ചതായും അഡ്വ. കുളത്തൂർ ജയ്‌സിങിന് നല്കിയ മറുപടി കത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →