മോസ്‌കോ | റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വസതിക്കുനേരെ യുക്രൈന്‍ വ്യോമാക്രമണം ലക്ഷ്യമിട്ടതായും ഇതിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും റഷ്യ. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ വെളിപ്പെടുത്തല്‍. പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമം ഉണ്ടായെന്നാണ് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജെയ് ലാവ്‌റോവ് ആരോപിക്കുന്നത്. നോവ്‌ഗൊറോദിലെ പുടിന്റെ വസതിക്ക് നേരെ ആക്രമണ ശ്രമം നടന്നെന്നാണ് ആരോപണം. റഷ്യന്‍ സേന ഡ്രോണ്‍ ആക്രമിച്ച് തകര്‍ത്തെന്നും ലാവ്‌റോവ് വിശദമാക്കുന്നു.
സമാധാന ശ്രമങ്ങള്‍ക്ക് ഇടയിലെ ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
ആളപായമോ നാശമോ ഇല്ല. സമാധാന ശ്രമങ്ങള്‍ക്ക് ഇടയിലെ ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ഇതിന് തിരിച്ചടി നല്‍കാതിരിക്കില്ല എന്നും റഷ്യന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും എന്നാല്‍ തിരിച്ചടിയില്‍ വിട്ടുവീഴ്കള്‍ ഉണ്ടാവില്ലെന്നും ലാവറോവ് വ്യക്തമാക്കി. .
