തിരുവനന്തപുരം : സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന കർശന മാർഗ്ഗരേഖ വേണമെന്നത് പരിശോധിക്കുവാൻ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി ഓഫീസിന്റെ നിർദ്ദേശം. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിന് മേലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ
കർശന മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കണമെന്ന് ആവശ്യം
ചികിത്സ തേടി എത്തുന്ന രോഗികളുടെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം വാങ്ങിയ ശേഷമേ നടപടികൾ നടത്താവൂവെന്ന കർശന മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കണമെന്ന് ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പല ആശുപത്രികളും പ്രസ്തുത മാനദണ്ഡം പാലിക്കപ്പെടുന്നില്ല
ഓപ്പറേഷൻ വേണ്ടി വരുകയോ ശരീര അവയവങ്ങൾ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്‌താൽ സമ്മതപത്രം നിർബന്ധമാണ്. എന്നാൽ പ്രസ്തുത മാനദണ്ഡം പല ആശുപത്രികളും പാലിക്കപ്പെടുന്നില്ല.അതിനാൽ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് രോഗികളുടെ ശരീര അവയങ്ങൾ മുറിച്ച് മാറ്റരുതെന്നും പ്രസ്തുത നയത്തിന് എതിരെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് എതിരെ കർശന നടപടിയും മാർഗ്ഗരേഖയിൽ ഉറപ്പാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ നിവേദനത്തിൽ ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്.
സീനത്ത് എന്ന സ്ത്രീയുടെ കാൽ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഇടപെടൽ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസങ്ങൾക്ക് മുമ്പ് സീനത്ത് എന്ന സ്ത്രീയുടെ രണ്ട് കാൽ വിരലുകൾ ഡോക്ടർമാർ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി ഇല്ലാതെ മുറിച്ച് മാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ഇതിൻമേൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികൾക്കും ബാധകമാകുന്ന കർശന മാർഗ്ഗരേഖ സർക്കാർ തലത്തിൽ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്
