ലുധിയാന: നിഹാങ് എന്ന പഞ്ചാബി പദത്തിന്റെ അര്‍ത്ഥം മരണമില്ലാത്തവന്‍ എന്നാണ്. പഞ്ചാബില്‍ അവര്‍ക്ക് അകാലി എന്ന പേരുമുണ്ട്. വളരെയധികം തീവ്രസ്വഭാവികളായ സിഖ് മതവിശ്വാസികളുടെ ഒരു ‘കള്‍ട്ട്’ ആണ്.
ഉത്ഭവം ഫത്തേ സിംഗില്‍ നിന്നോ, അല്ലെങ്കില്‍ ഗുരു ഗോബിന്ദ് സിങിന്റെ അകാലി ദള്ളില്‍ നിന്നോ ആണെന്ന് കരുതപ്പെടുന്നു. എന്തായാലും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവന്‍ ബന്ധപ്പെട്ടുകിടക്കുന്നത് ഈ കൂട്ടരുമായിട്ടാണ്.
ഇപ്പോള്‍ നിഹാങ് വൈറാലായിരിക്കുന്നത് 75കാരനായ സത്‌നാം സിങിന്റെ വേറിട്ട പ്രകടനത്തിലൂടെയാണ്.
പഞ്ചാബിലെ യുവാക്കള്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് 75 കാരനായ സത്‌നം സിങിനെ വേദനിപ്പിച്ചിരുന്നു. എങ്ങനെ അവര്‍ക്ക് വഴികാട്ടിയാവാം എന്ന ആലോചനയില്‍ നിന്ന് അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് പഞ്ചാബിലെ പരമ്പരാഗത ധീരന്‍മാരായ നിഹാങ് സിഖുകാരുടെ വേഷത്തില്‍ 10 ടണ്‍ ഭാരമുള്ള ട്രക്ക് ഒറ്റയ്ക്ക് വലിച്ച് നീക്കുക എന്നത്.
10 ടണ്‍ ഭാരമുള്ള ട്രക്ക് കയര്‍ ഉപയോഗിച്ച് അദ്ദേഹം വലിച്ചിഴച്ചു. രണ്ട് മാസത്തെ പരിശീലനത്തിന് ശേഷമായിരുന്നു ഇത്. ”തുടക്കത്തില്‍ 110 കിലോ ഭാരം വലിക്കാന്‍ തുടങ്ങി. വെറും രണ്ട് മാസത്തെ പരിശീലനത്തിലൂടെ എനിക്ക് ഈ ട്രക്ക് വലിച്ചിടാനും പല്ലുകൊണ്ട് ഭാരം ഉയര്‍ത്താനും കഴിയും, അപ്പോള്‍ ഇവിടത്തെ യുവാക്കള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയും. അതിനായി അവര്‍ മയക്കുമരുന്നില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് മാത്രം’ എന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചത്.
പരമ്പരാഗതമായ നിഹാങ് വസ്ത്രധാരണത്തിലൂടെയായിരുന്നു സത്‌നാം സിങിന്റെ പ്രകടനം. ഈ വസ്ത്രം അറിയപ്പെടുന്നത് ഖല്‍സ സ്വരൂപ എന്നാണ്. ഗുരു ഗോബിന്ദിന്റെ നീലക്കുപ്പായമാണിതിന്റെ മുഖ്യ ഭാഗം.
സര്‍ഹിന്ദിലെ മുഗള്‍ ഗവര്‍ണറുമായി ഗുരു ഗോബിന്ദ്ജിക്കുണ്ടായ കലഹം സായുധ പോരാട്ടത്തിലേക്ക് നീണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പോരാളികളായത് നിഹാങുകളായിരുന്നു. മണിബന്ധങ്ങള്‍ക്കു കുറുകെ മൂര്‍ച്ചയുള്ള കൈവളകള്‍, നീല തലപ്പാവില്‍ പിടിപ്പിച്ചിട്ടുള്ള ഉരുക്കിന്റെ ചക്രങ്ങള്‍, മൂര്‍ച്ചയേറിയ കൃപാണങ്ങള്‍, അതിനും പുറമെ മറ്റൊരു വളഞ്ഞ വാളോ, അല്ലെങ്കില്‍ നീളത്തിലുള്ള ഖണ്ഡ എന്നറിയപ്പെടുന്ന ഒരു വടിവാളോ കൂടി കാണും പോരാട്ടത്തിന് പോകുമ്പോള്‍. ഇടത്തെ അരക്കെട്ടില്‍ ഒരു കഠാര. ഇതെല്ലാം അണിഞ്ഞായിരുന്നു സത്‌നാം സിങും എത്തിയത്.

