തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രീഹരി (50) മരിച്ചു. മണക്കാടുള്ള വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായ ശ്രീഹരിയെ ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 19ന് വര്‍ക്ക്ഷോപ്പുടമ ആശുപത്രിയിലെത്തിച്ചത്. മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. ശ്രീകണ്ഠന്റെ യൂണിറ്റില്‍ പ്രവേശിപ്പിച്ച ശ്രീഹരിക്ക് നടത്തിയ പരിശോധനയില്‍ ബ്രയിന്‍ സ്റ്റെം സ്ട്രോക്കാണ് സംഭവിച്ചതെന്നു കണ്ടെത്തി.
തലച്ചോറിന്റെ പ്രധാന ഭാഗമായ പോണ്സിലാണ് സ്ട്രോക്ക് കാര്യമായി ബാധിച്ചത്
തലച്ചോറില്‍ പ്രധാന ഭാഗങ്ങളായ സെറിബെല്ലം, പോണ്‍സ് എന്നിവിടങ്ങളില്‍ രക്തം കട്ടപിടിച്ചിരുന്നു. തുടര്‍ന്ന് ന്യൂറോളജി, ന്യൂറോ സര്‍ജറി, ഫിസിയോതെറാപ്പി വിഭാഗങ്ങള്‍ രോഗിയെ പരിശോധിക്കുകയും ചെയ്തു. കാലില്‍ ഒരു മുറിവുണ്ടായിരുന്നതിനാല്‍ സര്‍ജറി വിഭാഗവും പരിശോധിച്ചു. ഈ വിഭാഗങ്ങളുടെ നിര്‍ദേശപ്രകാരം ചികിത്സ തുടരുകയും ചെയ്തു. സെപ്തംബര്‍ ഒന്നിന് നടത്തിയ തലച്ചോറിന്റെ സി.ടി. ആന്‍ജിയോഗ്രാം പരിശോധനയില്‍ ശ്വാസകോശവും ഹൃദയവുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രധാന ഭാഗമായ പോണ്സിലാണ് സ്ട്രോക്ക് കാര്യമായി ബാധിച്ചതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂറോ മെഡിസിന് വിഭാഗം വീണ്ടും പരിശോധിച്ച് ചികിത്സ തുടര്‍ന്നെങ്കിലും സെപ്തംബർ 3 ബുധന്നാഴ്ച രാവിലെ അഞ്ചോടെ ആരോഗ്യനില വഷളായി രോഗി മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍.
