തൃശ്ശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ വീട്ടിലെ പാചകവാതക സിലിൻഡർ ചോർന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് (70) ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 17 വ്യാഴാഴ്ച രാവിലെ മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ജയശ്രീ (60) അപകടം നടന്ന 8 ന് രാത്രി തന്നെ മരിച്ചിരുന്നു.
പുറത്തുപോയി തിരിച്ച് വീട്ടിലെത്തി സ്വിച്ചിട്ടപ്പോൾ പൊട്ടിത്തെറിയോടെ വീട്ടിലാകെ തീ പടരുകയുമായിരുന്നു
.ജൂലായ് എട്ടിനായിരുന്നു അപകടം. രാവിലെ വീടുപൂട്ടി ബന്ധുവീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് ഉച്ചക്ക് രണ്ടോടെ തിരിച്ചെത്തിയ ശേഷം വീട്ടിലുള്ളിലെ സ്വിച്ച് ഓൺ ചെയ്തപ്പോൾ പാചകവാതകത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.അടുപ്പിൽ നിന്നാവാം പാചകവാതകം ലീക്കായാതെന്നാണ് ഗ്യാസ് കമ്പനി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയത്. ലീക്കായ പാചകവാതകം വീട്ടിലെ മുറികളിലാകെ പരക്കുകയും ഇവർ വീട്ടിലെത്തി സ്വിച്ചിട്ടപ്പോൾ പൊട്ടിത്തെറിയോടെ വീട്ടിലാകെ തീ പടരുകയുമായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഗ്നിരക്ഷാസേന ജീവനക്കാർ സ്ഥലത്തെത്തിയാണ് വീടിനുള്ളിലെ തീ അണച്ചത്.
ജയശ്രീയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കരിച്ചു. രവീന്ദ്രന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വെള്ളാങ്ങല്ലൂർ ആപ്പിൾ ബസാറിലെ വസതിയിൽ പൊതുദർശനത്തിനു വെച്ചശേഷം മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കരിക്കും. മക്കൾ: സൂരജ്, ശ്രീരാജ്. മരുമക്കൾ: ഹിമ, പാർവ്വതി
