കൊട്ടാരക്കരയിൽ ഗാന്ധിജി വിശ്രമിച്ച മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി

കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി. .മന്ത്രി കെ.എൻ.ബാലഗോപാല്‍ ഇടപെട്ട് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. മഹാത്മാഗാന്ധി വിശ്രമിച്ച സ്ഥലമെന്ന നിലയിലാണ് ബംഗ്ലാവിന് ചരിത്ര പ്രാധാന്യം ലഭിച്ചത്. പഴമയുടെ തനിമ ചോരാതെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. മഴക്കാലമെത്തും മുമ്പ് മേല്‍ക്കൂര പൊളിച്ചുമാറ്റി നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിർമിച്ചതാണ് ഈ കെട്ടിടം.

ഇവിടെ നിന്ന് ഗാന്ധിജി കാല്‍നടയായിട്ടാണ് ക്ഷേത്രത്തിലെത്തിയത്

. കടലായ്മന മഠം വകയായിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാനാണ് ഗാന്ധിജി കൊട്ടാരക്കരയിലെത്തിയത്.മുസാവരി ബംഗ്ലാവിലെ വിശ്രമത്തിന് ശേഷം 1937 ജനുവരി 21ന് പുലർച്ചെ ഇവിടെ നിന്ന് പുറപ്പെട്ട ഗാന്ധിജി കാല്‍നടയായിട്ടാണ് ക്ഷേത്രത്തിലെത്തിയതും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതും.

ഗസ്റ്റ് ഹൗസിന് സമീപത്തായി പൊതുമരാമത്ത് വകുപ്പിന്‍റെ വിശ്രമ കേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്

പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ഗസ്റ്റ് ഹൗസിന് മുന്നിലുള്ള ഈ കെട്ടിടത്തിലാണ് ഇടക്കാലത്ത് മജിസ്ട്രേറ്റ് കോടതിയും അതിന് ശേഷം റൂറല്‍ ജില്ലാ പോലീസിന്‍റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും പ്രവർത്തിച്ചിരുന്നത്. പിന്നീട് തീർത്തും തകർച്ചയിലായി. ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയാണ് മഴ നനയാത്ത സംവിധാനമുണ്ടാക്കിയത്. ഇപ്പോഴാണ് തകർച്ചയ്ക്ക് പരിഹാരമാകുന്നത്.കൊട്ടാരക്കരയില്‍ ഗസ്റ്റ് ഹൗസിന് സമീപത്തായി പൊതുമരാമത്ത് വകുപ്പിന്‍റെ വിശ്രമ കേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. മന്ത്രി കെ.എൻ. ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →