കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍.

ക്ലീൻ റൂറല്‍ എന്ന പരിശോധനയുടെ ഭാഗമാണ്

അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ക്ലീൻ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ 23 പേരെ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.ജനുവരി 31ന് രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരില്‍ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

പെരുമ്പാവൂരില്‍ രണ്ട് ബംഗ്ലാദേശി യുവതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു

അതേസമയം, പെരുമ്പാവൂരില്‍ രണ്ട് ബംഗ്ലാദേശി യുവതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുല്‍സും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതികള്‍ കോടനാട് പൊലീസിന്റെ വലയിലായത്. വ്യാജ ആധാർ കാർഡുകളുമായിട്ടായിരുന്നു യുവതികള്‍ കേരളത്തില്‍ കഴിഞ്ഞിരുന്നത്. ഈ വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

റുബിനയും കുല്‍സും അക്തറും 2024 ഫെബ്രുവരി മുതല്‍ കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം ഏഴുപേരെ പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് മുനമ്പത്ത് നിന്നും ഇപ്പോള്‍ 27 പേർ കൂടി പിടിയിലായത്.

ആധാർ കാർഡ് ഉള്‍പ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു.

തസ്ലീമ ബീഗം എന്ന യുവതിയെയാണ് പെരുമ്പാവൂർ ബംഗാള്‍ കോളനിയില്‍ നിന്നും ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയില്‍ നിന്ന് ഹൊസൈൻ ബെലോർ, എടത്തലയില്‍ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരില്‍ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയും പിടികൂടിയത്. ഇവരില്‍ നിന്ന് ആധാർ കാർഡ് ഉള്‍പ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു. അനധികൃതമായി ബംഗ്ലാദേശികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ 9995214561 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →