വനംവകുപ്പ് ഉദ്യോഗസ്ഥർ ശിക്ഷ വിധിക്കേണ്ട, ഉദ്യോഗസ്ഥ ക്രൂരതയ്ക്കെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക്

മറയൂർ(ഇടുക്കി): മറയൂരിൽ കള്ള കേസ് ഉണ്ടാക്കി യുവാക്കളെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനും ജാമ്യത്തിനായി കേസ് നടത്തിയ അഭിഭാഷകനെ ഭീഷണിപെടുത്തിയതിനും ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ പരാതി നൽകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പത്ര പ്രസ്താവന നടത്തിയതിനും എതിരെ ജനങ്ങൾ സംഘടിക്കുന്നു. വന നിയമം വനത്തിനുള്ളില്‍ പരിമിതപ്പെടുത്തണം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിരാത ഗുണ്ടാ സംഘങ്ങളായി ശിക്ഷ വിധിക്കുന്ന നീതി പീഠങ്ങള്‍ ആകുന്നതും അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു സംസ്ഥാനത്തെ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മ സമര രംഗത്തേയ്ക്ക്.

സംസ്ഥാനത്ത് ജനജീവിതം അസാധ്യമാക്കുന്ന വിധത്തില്‍ വന്യ മൃഗങ്ങളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക ജീവിതത്തിലുള്ള ഇടപെടല്‍ സകല സീമകളും ലംഘിക്കുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.

കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം

നിര്‍ദ്ദിഷ്ട വനനിയമ ഭേദഗതി ബില്‍ നിയമസഭയില്‍ എത്താതെ പിന്‍വലിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ സമ്മര്‍ദത്തിനു സാധിച്ചെങ്കിലും നിലവിലുള്ള നിയമം ദുരുപയോഗിച്ചും ദുര്‍വ്യാഖ്യാനിച്ചും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ കള്ളകേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ മര്‍ദ്ദിക്കുകയും തെരുവില്‍ വിലങ്ങണിയിച്ച പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന കുറ്റക്കാരെ മാതൃകയായി ശിക്ഷിക്കേണ്ടതുണ്ട്.

ചന്ദനം മോഷ്ടിച്ചുവെന്നു സംശയിച്ചു കസ്റ്റഡിയില്‍ എടുത്ത നാച്ചിവയല്‍ സ്വദേശികളായ 5 യുവാക്കളെ കോടതി ശാരീരിക ഉപദ്രവം ഉണ്ടാകരുത് എന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കി കസ്റ്റഡിയില്‍ നല്‍കിയിട്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ ലോക്കപ്പില്‍ മര്‍ദിച്ചു മൃതപ്രായരാക്കുകയും ശാരീരിക ഉപദ്രവം ബോധ്യപ്പെട്ട കോടതിക്ക് പ്രതികളുടെ മൊഴി രേഖപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശിക്കേണ്ടി വരുകയും ചെയ്തു.

ചന്ദനമോഷണം കള്ളൻ കപ്പലിൽ

മറയൂരിലെ ചന്ദന റിസര്‍വിന് ചുറ്റും ഇരുമ്പ് വേലിയും നിരവധി ഫോറസ്റ്റ് വാച്ചര്‍മാരും സിസിടിവിയും പട്രോളിംഗ് സംഘവും ഉണ്ടായിട്ടും ചന്ദനം മോഷണം പോകുന്നുവെങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് സംശയിക്കാം. മറയൂര്‍ റേഞ്ചിലെ ഏതാനും ചന്ദന മരങ്ങളുടെ പേര് പറഞ്ഞു ഒരു നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഭാഷാ ന്യുനപക്ഷത്തില്‍ പെട്ട യുവാക്കളെ ജീവ ഭയത്താല്‍ നാട് വിടാനും പ്രേരിപ്പിക്കുന്ന ഭീകരാന്തരീക്ഷം തുടരാനാവില്ല.

ഏഴ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നരഹത്യാ കേസിൽ പ്രതികൾ, നാല് കർഷകർ ആത്മഹത്യ ചെയ്തു

പത്തനംതിട്ടയില്‍ ഒരു കേസിലും പ്രതിയല്ലാത്ത പൊന്നുമത്തായിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് തിരുവനന്തപുരം സി.ബി.ഐ. സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ നടന്നുവരികയാണ്. കാരണമില്ലാതെ ചോദ്യം ചെയ്യാന്‍ വനംവകുപ്പ് വിളിച്ചതിന്റെ പേരില്‍ 2024-ല്‍ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

വന്യജീവി സംഘര്‍ഷം, കൃഷി, റവന്യു ഭൂമിയിലേക്കുള്ള അനധികൃത വനം വികസിപ്പിക്കലും നിയമവിരുദ്ധ ജണ്ട സ്ഥാപിക്കലും അടക്കമുള്ള കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധവും പ്രതിരോധവും സംസ്ഥാനമൊട്ടാകെ ഉയരുന്നു. ഈ പ്രതിഷേധം അടിയന്തിരാവസ്ഥ മോഡലില്‍ നേരിടുന്നതിനായിരുന്നു ജനാധിപത്യ വിരുദ്ധ കിരാത കേരള വനനിയമ ഭേദഗതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന തന്നെ സമ്മതിച്ച സാഹചര്യത്തില്‍ 1961 ലെ നിലവിലുള്ള കേരള വനനിയമം കാലോചിതമായി മാറ്റിയെഴുതാന്‍ കര്‍ഷക നിയമ വിദഗ്ധര്‍ അടങ്ങുന്ന ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും സംയുക്ത കര്‍ഷക സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

വനം വകുപ്പിന്റെ കേസില്‍ പെടുന്നവരെ മര്‍ദ്ദിക്കാന്‍ അധികാരം തങ്ങള്‍ക്കുണ്ട് എന്നൊരു ചിന്ത കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരിലുണ്ട്. സംശയം തോന്നി ആള്‍ക്കാരെ കസ്റ്റഡിയില്‍ എടുത്തു മര്‍ദിക്കാനുള്ള ശ്രമവും മര്‍ദ്ദനമേറ്റവര്‍ക്കും നിയമസഹായം നല്‍കുന്ന അഭിഭാഷകരെയും കോടതിയെ പോലും സംശയ നിഴലില്‍ നിര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ പ്രതികരണവും വനം വകുപ്പ് കിരാത ഗുണ്ടാ സംഘമാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നു. വനത്തിന് പുറത്തു അധികാരം സ്ഥാപിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണ് പലപ്പോഴും ജനകീയ പ്രധിഷേധത്തിന് കാരണമാകുന്നത്.

മാങ്കുളത്തും കുട്ടമ്പുഴയിലുമെല്ലാം അടുത്ത കാലത്തു വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടേതല്ലാത്ത ഭൂമിയില്‍ വനം വകുപ്പ് അവകാശം ഉന്നയിക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്നതാണ്. ജനവികാരത്തെ മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പത്രസമ്മേളനം നടത്തി പിന്‍വലിച്ച കേരള വനനിയമ ഭേദഗതി ബില്‍ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രമേയം പാസാക്കിയ യോഗത്തില്‍ അധ്യക്ഷത വഹിച്ച വനം വകുപ്പ് മന്ത്രിയെ കൂട്ടുത്തരവാദിത്വം ലംഘിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സര്‍ക്കാര്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്ത ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. പ്രമോദ് ജി. കൃഷ്ണനെയും ഈസ്റ്റേണ്‍ സി.സി.എഫ്. കെ. വിജയാനന്ദിനെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണമെന്നും സംയുക്ത കര്‍ഷക സമിതി ആവശ്യപ്പെട്ടു.

ജർമ്മൻ വനിതയ്ക്ക് ഉദ്യോഗസ്ഥരോട് പ്രസംഗിക്കാൻ എന്ത് അധികാരം

കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ജര്‍മ്മന്‍ വനിത പങ്കെടുത്ത് സര്‍ക്കാര്‍ ജീവനക്കാരെ അഭിസംബോധന ചെയ്തതിന്റെ നിയമവശം സര്‍ക്കാര്‍ വിശദീകരിക്കണം. പാശ്ചാത്യ അന്തരീക്ഷ മലിനീകരണ കുത്തക കമ്പനികള്‍ നിയന്ത്രിക്കുന്ന ബിംഗോ (Big International NGOs)യുമായി സംഘാടകര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവൃത്തിയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കാന്‍ വിവിധ കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം തീരുമാനമെടുത്തു. അതിന്റെ ആദ്യ പ്രഖ്യാപനം 02-02-2025 ഞായറാഴ്ച 11 മണിക്ക് മറയൂര്‍ ടൗണില്‍ നടക്കുന്ന ഫോറസ്റ്റ് ഭീകരതയെക്കെതിരെയുള്ള സര്‍വ്വ കക്ഷി സമ്മേളനത്തില്‍ നടത്തും.

പി വി അൻവർ ഉദ്ഘാടനം ചെയ്യും, തുടർ പ്രക്ഷോഭം വരുന്നു

യോഗം മുന്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ കര്‍ഷക സമരത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. ജോണി കെ. ജോര്‍ജ്ജ് (പത്തനംതിട്ട) മുഖ്യപ്രഭാഷണം നടത്തും. ദേവികുളം ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഐ.ജെ. ജോസഫ്, വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ബിനോയ് തോമസ് (സംസ്ഥാന ചെയര്‍മാന്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്), അഡ്വ. മാന്‍സണ്‍ തോമസ്, മുതലാംകോട് മണി (കര്‍ഷക സമാജം, പാലക്കാട്), സിജിമോന്‍ ഫ്രാന്‍സീസ് (സെക്രട്ടറി, ഫാര്‍മേഴ്‌സ് അവയര്‍നെസ് റിവൈവല്‍ മൂവ്‌മെന്റ് (FARM)), ഗഫൂര്‍ വെണ്ണിയോട് (വയനാട്), ജോണ്‍ മാത്യു ചക്കിട്ടയില്‍ (പത്തനംതിട്ട ജില്ലാ ജനകീയ കര്‍ഷക സമിതി), ഷൈജു തിരുനെല്ലൂര്‍ (പെരിങ്ങാട് പുഴ സംരക്ഷണ സമിതി, തൃശ്ശൂര്‍), അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ (വി-ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, കോഴിക്കോട്) ഡിജോ കാപ്പന്‍ (സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യൂക്കേഷന്‍ പാലാ,) ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ ( മലയോര കര്‍ഷക രക്ഷാ സമിതി), മാത്യു ജോസ് (കിസാന്‍ വിംഗ്, എ.എ.പി.) റോജര്‍ സെബാസ്റ്റ്യന്‍ (കര്‍ഷക വേദി സംസ്ഥാന കമ്മറ്റി), ജിന്നെറ്റ് മാത്യു (തൃശ്ശൂര്‍ പരിയാരം കര്‍ഷക സമിതി) തുടങ്ങിയവര്‍ പ്രസംഗിക്കും. അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലി, ലാന്‍ഡ് ഫ്രീഡം മുവമെന്റ് സെക്രട്ടറി പി.എം. ബേബി എന്നിവര്‍ സമ്മേളനത്തിന് അതിഥേയത്വം വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →