ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി താഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീംകോടതി ഉത്തരവായി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റം ഉടമ്പടി പ്രകാരമാണ് ഈ അനുമതി. ഇതിനുമുമ്പ് ടെലിഫോർണിയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയും യുഎസ് അപ്പിൽ കോടതിയും ഇയാളുടെ ഹർജി തള്ളിയിരുന്നു. അവസാന പരിശ്രമം എന്ന നിലയിലാണ് അമേരിക്കയിലെ സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതിയിൽ നിന്നും ഉണ്ടായത്. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാൻ കഴിയും എന്ന യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിലെ യഥാർത്ഥ ഗൂഢാലോചന തെളിയിക്കാൻ ഇന്ത്യയെ സഹായിക്കും എന്നാണ് അമേരിക്കൻ സുപ്രീംകോടതി വിധി.
2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. 2009ൽ യുഎസ് പോലീസ് അറസ്റ്റ് ചെയ്ത റാണയെ 2011ൽ ഷിക്കാഗോ കോടതി 14 വർഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു.
പാക്കിസ്ഥാൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. തഹാവൂർ ഹുസൈൻ റാണ എന്നാണ് മുഴുവൻ പേര്. പാക്കിസ്ഥാനിലെ സൈനിക ഡോക്ടർ ആയിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറി അവിടുത്തെ പൗരത്വം സ്വീകരിച്ചത്. അതിനുശേഷം അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി വേൾഡ് എമിഗ്രേഷൻ സെൻറർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിൻറെ മുംബൈ ബ്രാഞ്ച് ആണ് ഭീകരാക്രമണത്തിനായി ഭീകരക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത് എന്നാണ് കണ്ടെത്തൽ. ഇതിൻറെ ഭാഗമായാണ് തഹാവൂർ റാണിയെ ഇന്ത്യയ്ക്ക് കൈമാറണം എന്നും വിചാരണം നടത്തണമെന്നും ആവശ്യപ്പെട്ടത്. ഈ വിധി കാനഡയ്ക്കും തിരിച്ചടിയായിട്ടുണ്ട്. കനേഡിയൻ പാക്ക് പൗരൻ ആയതിനാൽ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാൻ കാനഡയും പരമാവധി ശ്രമിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നയാളെ യുഎസ് പോലീസ് 2009ൽ കസ്റ്റഡിയിലെടുത്തിരുന്നു. 63 കാരനായ റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്ലി. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാണിയിലേക്ക് അന്വേഷണം നീങ്ങിയത്. ഹെഡ്ലിയെ 35 വർഷത്തെ തടവിനാണ് യുഎസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്ലിയും റാണയും കൂടിയാണ് ലക്ഷ്കറെ തൊയ്ബ, ഹർകത്തുൽ മുജാഹിദീൻ, എന്നിവയ്ക്കു വേണ്ടി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയത്. റാണയെ വിട്ടുകിട്ടി വിചാരണയ്ക്ക് വിധേയമാക്കിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാര സംഘടനയായ ഐ എസ് ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

