അങ്കമാലി: മലയാറ്റൂർ, വാഴച്ചാല്‍, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയാൻ നബാർഡിന്റെ ധനസഹായത്തോടെ 13.45 കോടി രൂപയുടെ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു.അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറ പ്രദേശത്ത് ഒരു കിലോമീറ്റർ ട്രഞ്ചും കണ്ണിമംഗലം പ്രദേശത്ത് 1.6 കിലോമീറ്റർ നീളത്തിലും പോട്ട മുതല്‍ ഐ.ഐ.പി കനാല്‍ വരെ 1.7 കി.മീ നീളത്തിലും മലയാറ്റൂർ പഞ്ചായത്തില്‍ മുളംകുഴി മുതല്‍ എവർഗ്രീൻ ക്യാമ്പ്ഷെഡ് വരെ 2.6 കി.മീ നീളത്തിലും വള്ളിയാംകുളം പ്രദേശത്ത് 1.1 കി.മീ നീളത്തിലും ഇവയുടെ നിർമ്മാണ ജോലികള്‍ പൂർത്തീകരിച്ച് വരികയാണ്.
അനുവദിക്കപ്പെട്ട അഞ്ച് പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തീകരിക്കും
പദ്ധതി വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ നടന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എം.എല്‍.എമാരായ റോജി എം. ജോണും സനീഷ്കുമാർ ജോസഫും ആവശ്യപ്പെട്ടു. ഇതോടൊപ്പം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ വന്യജിവീ ആക്രമണം തടയുന്നതിനായി അനുവദിക്കപ്പെട്ട അഞ്ച് പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തീകരിക്കുമെന്നും റോജി എം ജോണ്‍ അറിയിച്ചു.
ആകെ 108 കിലോമീറ്റർ നീളത്തിലാണ് ഹാങിംഗ് സോളാർ ഫെൻസിംഗ്
വാഴച്ചാല്‍ ഡിവിഷനിൽ 60 കിലോമീറ്റർ ,മലയാറ്റൂർ ഡിവിഷനിൽ 30 കി.മി ചാലക്കുടി ഡിവിഷൻ 18 കി.മി എന്നിങ്ങനെ 108 കിലോമീറ്റർ എന്നിങ്ങനെ ഹാങിംഗ് സോളാർ ഫെൻസിംഗ് നിർമിക്കാനാണ് പദ്ധതി. 13.45 കോടിരൂപ ചെലവ്വരും. ഹാങിംഗ് സോളാർ ഫെൻസിംഗ് യാഥാർത്ഥ്യമാക്കുന്നതോടെ പ്ലാന്റേഷൻ കോർപ്പറേഷൻ പ്രദേശത്തെയും മലയാറ്റൂർ, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലെയും വന്യജീവി ആക്രമണത്തിന് ഒരു പരിധിവരെ പരിഹാരമാകും.
