ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ടു ഹാജരാകാൻ നിർദേശം നല്‍കി സുപ്രീംകോടതി കൊളീജിയം. വിശ്വഹിന്ദു പരിഷത്തിന്‍റെ ചടങ്ങില്‍ നടത്തിയ വിവാദ പരാമർശങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണു ജസ്റ്റീസ് യാദവിനോട് കൊളീജിയം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിനു മുന്നില്‍ ജസ്റ്റീസ് യാദവ് ഡിസംബർ 17 ന് ഹാജരാകുമെന്നാണ് സൂചന.
കൊളീജിയവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടികള്‍
ജസ്റ്റീസ് യാദവിനെതിരേയുള്ള സുപ്രീംകോടതിയുടെ ആഭ്യന്തര നടപടികളുടെ ഭാഗമായാണു കൊളീജിയത്തിനുമുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റീസിനെതിരേയുള്ള തുടർനടപടികള്‍ കൊളീജിയവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ഭൂരിപക്ഷത്തിന്‍റെ താത്പര്യമനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നായിരുന്നു ജസ്റ്റീസിന്‍റെ പ്രസ്താവന
വിഎച്ച്‌പി കഴിഞ്ഞ ഡിസംബർ എട്ടിന് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ജസ്റ്റീസിന്‍റെ വിവാദപരമായ പരാമർശങ്ങള്‍. “ഏകീകൃത സിവില്‍ കോഡ്-ഭരണഘടനാപരമായ അനിവാര്യത’ എന്ന വിഷയത്തില്‍ പ്രസംഗിക്കവെ ഭൂരിപക്ഷത്തിന്‍റെ താത്പര്യമനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നായിരുന്നു ജസ്റ്റീസിന്‍റെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കതിരായ വിദ്വേഷ പരാമർശങ്ങളും ഉള്‍പ്പെടെയുള്ള പ്രസംഗം പിന്നീട് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ ജസ്റ്റീസിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും മുതിർന്ന അഭിഭാഷകരും രംഗത്തെത്തി.
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാർ ഇംപീച്ച്‌മെന്‍റ് നോട്ടീസും നല്‍കിയിട്ടുണ്ട്.
ജസ്റ്റീസ് യാദവിന്‍റെ പരാമർശങ്ങളില്‍ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊളീജിയത്തിനുമുന്നില്‍ ഹാജരാക്കി വിശദീകരണം ചോദിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. യാദവിന്‍റെ പ്രസംഗത്തിന്‍റെ വിശദാംശങ്ങളും പൂർണരൂപവും ഹാജരാക്കാൻ സുപ്രീംകോടതി അലഹാബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് യാദവിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാർ ഇംപീച്ച്‌മെന്‍റ് നോട്ടീസും നല്‍കിയിട്ടുണ്ട്.
ജസ്റ്റീസ് യാദവിന്‍റെ മുൻ വിധികളും പരിശോധിക്കണം
ജസ്റ്റീസ് യാദവിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിരുന്നു. ജുഡീഷറിയിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ജസ്റ്റീസ് യാദവിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ജുഡീഷല്‍ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം. 2026 ഏപ്രില്‍ വരെ പദവിയില്‍ തുടരാൻ കഴിയുന്ന ജസ്റ്റീസ് യാദവിന്‍റെ മുൻവിധികളും പരിശോധിക്കണമെന്ന് അഭിഭാഷകരും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്