വൈപ്പിൻ: മുനമ്പം ഭൂപ്രശ്നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്നും 90 മാസം കഴിഞ്ഞാലും പരിഹാരമുണ്ടാകില്ലെന്നും ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരത്തിന്റെ അൻപത്തിയേഴാം ദിനമായ ഡിസംബർ 8 ന് മുനമ്പം സമരവേദിയിലെത്തിയതായിരുന്നു ജാവദേക്കർ. ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗം അപരാജിത സാരംഗി, ബി.ജെ.പി സ്റ്റേറ്റ് കമ്മിറ്റി അംഗം അഡ്വ. ഷോണ്‍ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജീ ജോസഫ്, അഡ്വ. ശങ്കുദാസ്, ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രസിഡന്റ് കെ.കെ. മുരളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ഐക്യദാർഢ്യവുമായി നിരവധി പേർ എത്തുന്നു.
8-ാം തീയതിയിലെ സമരം വികാരി ഫാ. ആന്റണി സേവ്യർ തറയില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജോണ്‍ ക്രിസ്റ്റഫർ, കെ.എല്‍.സി.എ. സെക്രട്ടറി സി.ആർ. ജോയ്, എ. അഭിജിത്ത്, ഇടവക അംഗങ്ങള്‍ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
ഞായറാഴ്ച നിരാഹാരമിരുന്നവർ
അമ്പാടി കണ്ണൻ, സ്റ്റീഫൻ കല്ലറക്കല്‍, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണിക്കൃഷ്ണൻ, ആൻസി അനില്‍, സീന ജോയ്, സോഫി വർഗീസ്, രാധാകൃഷ്ണൻ ശേഖരൻ, വിലാസൻ അച്യുതൻ, ആന്റണി ലൂയിസ്, രാജു വലിയവീട്ടില്‍ എന്നിവർ ഡിസംബർ 8 ഞായറാഴ്ച നിരാഹാരമിരുന്നു.