ഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി. കേസില്‍ ആന്റണി രാജു വിചാരണ നേരിടണമെന്നും തുടർനടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. രണ്ടു പതിറ്റാണ്ട് മുമ്പാണ് കുറ്റം നടന്നത് എന്ന വസ്തുത പരിഗണിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു. 2024 ജിസംബർ 20ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടു.
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നാണു കേസ്.
ആന്റണി രാജു അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ലഹരിമരുന്ന് കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാല്‍വദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നാണു കേസ്.കോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല. പകർപ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ വിശദമായി പ്രതികരിക്കും. അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപ്പകർപ്പ് ലഭിച്ചശേഷം തീരുമാനിക്കും. വിധിയില്‍ ഒരു ഭയവുമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആന്റണി രാജു പറഞ്ഞു.