ആലപ്പുഴ: നവകേരള മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്
മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇതില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് വാദം. എന്നാല്‍, ക്ലീൻ ചിറ്റ് നല്‍കിയ റിപ്പോർട്ട് തള്ളിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്ന വിധി
എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസിനെ എങ്ങനെ രാഷ്ട്രീയവത്കരിച്ചു എന്നതിന് തെളിവാണ് ഈ കേസ്. നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിവിധി. കുറ്റക്കാരായ ഗണ്‍മാന്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അതിനാല്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കാം. കോടതിയുടെ കര്‍ശനമായ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും തുടരന്വേഷണം നടത്തുന്നതാകും കൂടുതല്‍ ഉചിതമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേട്
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവലിനും ഉള്‍പ്പെടെയുള്ളവര്‍ക്കും അതിക്രൂരമായ മര്‍ദ്ദനമാണേറ്റത്. കേരളം മുഴുവന്‍ ഭീതിയോടെ കണ്ട് ഞെട്ടിപ്പോയ ദൃശ്യങ്ങളായിരുന്നവ. കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും അത് സ്വീകരിക്കാതെ പ്രതികളായ ഗണ്‍മാന്‍മാരെ വിശുദ്ധരാക്കിയ ക്രൈംബ്രാഞ്ചിന്റെ നടപടി കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തുടക്കം മുതല്‍ പോലീസ് ഇരകള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.
പ്രതികള്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായതിനാല്‍ തുടക്കം മുതല്‍ പോലീസ് ഇരകള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.ലോക്കല്‍ പോലീസും ജില്ലാ പോലീസ് മേധാവിയും ആദ്യം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശം പ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഇരുളടഞ്ഞ് പോകുമായിരുന്ന കേസില്‍ തുടരന്വേഷണം സാധ്യമായതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.