കാഴ്ചപരിമിതരുടെ വിഷമതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളും അന്ധരായി മാറും : ഹൈക്കോടതി

കൊച്ചി: പിഎസ്‌സി ഓണ്‍ലൈന്‍ അപേക്ഷാ നടപടികളുടെ സങ്കീര്‍ണതയും സാങ്കേതികതയും കണക്കിലെടുത്ത് കാഴ്ചപരിമിതി യുള്ളവര്‍ക്കുവേണ്ടി സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പിഎസ്‌സിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കാഴ്ചപരിമിതിയുള്ളവർക്ക് അതിനുള്ള സൗകര്യം ലഭിക്കണമെങ്കില്‍ പരസഹായം വേണ്ടിവരും. പിഎസ്‌സിയുടെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് തുല്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്. കാഴ്ചപരിമിതരുടെ വിഷമതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളും അന്ധരായി മാറും. ഭിന്നശേഷിക്കാരായ മറ്റുള്ളവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിവേചനം നേരിടുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി .

പരിമിതികളുടെ പേരിലുള്ള വിവേചനം

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരേ പിഎസ്‌സി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖും പി.എം. മനോജും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. കാഴ്ചപരിമിതിയുള്ള കോട്ടയം സ്വദേശിനിയുടെ അപേക്ഷ 2020ല്‍ പിഎസ്‌സി നിരസിച്ചു. യുപി അധ്യാപിക തസ്തികയിലേക്കുള്ള അപേക്ഷയില്‍ ‘കെ ടെറ്റ്’ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ വൈകിയതാണു കാരണം. ഇതു തന്‍റെ പരിമിതികളുടെ പേരിലുള്ള വിവേചനമാണെന്നു കാണിച്ച്‌ ഉദ്യോഗാർത്ഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കാഴ്ചയുള്ളവര്‍ക്കായി തയാറാക്കിയതാണെന്ന് ഡിവിഷന്‍ ബെഞ്ച്

മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച്‌ അപേക്ഷകയെ പരിഗണിക്കാൻ ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും പിഎസ്‌സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമെല്ലാം കാഴ്ചയുള്ളവര്‍ക്കായി തയാറാക്കിയതാണെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →