ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റ വാർത്തകളെ തുടർന്ന് കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഓഫീസുകളിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങളും കള്ള രേഖ ഉണ്ടാക്കലും കുറ്റകൃത്യങ്ങളിൽ പങ്കുപറ്റലും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അത്യാർത്തിയും കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധവും വെളിവാക്കുന്ന വിവരങ്ങളാണ് അന്വേഷണം റിപ്പോർട്ടിൽ ഉള്ളത്.
കയ്യേറ്റ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്തിയവരുടെ രേഖകൾ പരിശോധിച്ച് അന്വേഷണസംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ ഇതേക്കുറിച്ച് പറയുന്ന ഭാഗം അതേപടി വായിക്കാം.
9. ഫയൽ പരിശോധനയിൽ ലഭ്യമായ വിവരങ്ങൾ
(a) ഈ വിഷയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ K 3 – 3879/2023 നമ്പർ ഫയൽ പരിശോധിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശി ചെന്നൈ ബോട്ട് ക്ലബ് റോഡ് 3- A2 -ൽ താമസം ശ്രീ മൈജോ ജോസഫ് എന്നയാൾ ബഹു. റവന്യൂ വകുപ്പ് മന്ത്രിക്ക് തീയതി വയ്ക്കാതെ സമർപ്പിച്ച അപേക്ഷയിൽ ” ബൈസൺ വാലി വില്ലേജിൽ ബ്ലോക്ക് 4-ൽ സർവ്വേ നമ്പർ 27/1 ലും, 274/1 ലും ടിയാൻ്റെയും പിതാവ് TM ജോസഫിന്റെയും പേരിൽ14 ഏക്കർ 69 സെൻറ് ഭൂമി നിലവിലുള്ളതും ടി ഭൂമിയുടെ അതിർത്തി നിർണ്ണയിച്ചു കിട്ടുന്നതിന് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർക്ക് 2016 ൽ H2/6744/2016 ആയും അതിനുശേഷം 2023 ൽ H2 .416124 /23, 416127/23 എന്നീ നമ്പറുകളിൽ അപേക്ഷ നൽകിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവാത്തതിനാലാണ് അപേക്ഷ സമർപ്പിച്ചതെന്നും ” അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു നൽകുന്ന അപേക്ഷകളിൽ യാതൊരുവിധ തുടർനടപടികളും തഹസിൽദാർ സ്വീകരിക്കുന്നില്ല എന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിലേക്ക് സാമ്പത്തികം കണ്ടെത്തുന്നതിന് അടിയന്തരമായി ഭൂമി വിൽപ്പന നടത്തുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നും ആയതിനാൽ ഉടുമ്പൻചോല തഹസിൽദാർക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ബഹു. റവന്യൂ വകുപ്പ് മന്ത്രിക്കുള്ള അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പ്രസ്തുത അപേക്ഷ 09.06. 2023-ന് ഇടുക്കി കളക്ടറേറ്റിൽ ലഭിച്ചതായി കാണുന്നു. ആയത് പ്രകാരം 13.06.2023-ൽ പ്രത്യേക പരിഗണന നൽകി തുടർനടപടികൾ അടിയന്തരമായി സ്വീകരിച്ച റിപ്പോർട്ട് ഈ കാര്യാലയത്തിലേക്ക് നൽകണമെന്ന് കാണിച്ചിട്ട് ഡപ്യൂട്ടി കളക്ടർ എൽ.ആർ ശ്രീ. മനോജ് കെ. ഉടുമ്പൻചോല തഹസിൽദാർക്ക് DCIDK / 3879 / 2023 – K3 -പ്രകാരം കത്തു നൽകിയിട്ടുള്ളതാണ്. ഇതേ തുടർന്ന് ഉടുമ്പൻ ചോല തഹസിൽദാർ TLKUDM / 386/ 2023 – H2 നമ്പർ ഫയലിൽ നടപടി സ്വീകരിക്കുകയും ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ് ആർ ബി യ്ക്ക് തുടർനടപടിക്കായി കൈമാറിയിട്ടുള്ളതുമാണ്.
(b) 31.07.2023 -ൽ താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ് R, B സ്ഥലം തിട്ടപ്പെടുത്തി സ്കെച്ച് തയ്യാറാക്കി നൽകിയിട്ടുള്ളതായി ടി ഫയലിൽ കാണുന്നു. [Annexure-VI,VII] ആയതിൽ LA 233/65 , LA 21 9/65 , LA 501/70 , LA 504/70 എന്നീ പട്ടയസ്ഥലങ്ങളും 261 എന്ന നമ്പറിട്ട് മറ്റൊരു സ്ഥലവും ബൈസൺവാലി വില്ലേജിലെ(മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് 4-ൽ പെട്ട സർവ്വേ 35 നമ്പരിലുള്ള 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ വരച്ചു ചേർത്ത് സ്കെച്ച് നൽകിയിട്ടുള്ളതായും കാണുന്നു. റീസർവ്വേ സ്കെച്ച് പ്രകാരം ബൈസൻവാലി വില്ലേജിലെ(മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35 -ൽ പ്പെട്ട 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് സർവ്വേയർ ടി സ്ഥലത്തിന് സ്കെച്ച് തയ്യാറാക്കി നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ടി സ്ഥലം സർക്കാർ പാറ പുറമ്പോക്ക് ആണ് എന്ന് റീസർവ്വേ റിക്കാർഡിലൂടെ വ്യക്തമായി അറിവുള്ള താലൂക്ക് സർവ്വേയർ സർക്കാർ ഭൂമി അന്യാധീനപ്പെടുത്തിക്കൊണ്ട് സർക്കാർ പാറ പുറമ്പോക്ക് സ്വകാര്യ വ്യക്തികളുടെ പേരിൽ സ്ഥാപിച്ചു നൽകിയ നടപടി തികച്ചും തെറ്റാണ്.
10. കയ്യേറ്റ സ്ഥലത്ത് നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ എൻ. ഒ. സി നൽകിയ നടപടി
(a) സർവ്വേ നമ്പർ 27/1 ഉൾപ്പെടുന്ന ഈ ഭൂമിയിൽ തണ്ടപ്പേർ അവകാശമുള്ളതായി കാണിച്ച് NOC ലഭിക്കുന്നതിന് സമർപ്പിക്കപ്പെട്ട 7 അപേക്ഷകൾ പരിഗണിക്കുന്നതിന് ബൈസൻവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ഇതിൽപ്പെട്ട രണ്ട് അപേക്ഷകൾക്ക് ഭവന നിർമ്മാണത്തിന് തഹസിൽദാർ എൻ.ഒ.സി അനുവദിച്ചിട്ടുള്ളതാണ്. അടിമാലി സ്വദേശിയായ കൈപ്പൻ പ്ലാക്കൽ വീട്ടിൽ ശ്രീ സിബി ജോസഫ് എന്നയാൾക്കും, ടിയാൻ്റെ ഭാര്യ ശ്രീമതി. സിനി സിബി എന്നയാൾക്കുമാണ് യഥാക്രമം TLKDVM / 1867/ 2024-J1[Annexure-VIII(a)] , TLKDVM / 1868/ 2024-J1 [Annexure-VIII(b)] നമ്പരുകളിലായി എൻ.ഒ.സി അനുവദിച്ചിട്ടുള്ളത്.
(b) മേൽപ്പറഞ്ഞ 7 അപേക്ഷകളിൽ കക്ഷികൾ ഹാജരാക്കിയ അവകാശ പ്രമാണങ്ങൾ പരിശോധിച്ചതിൽ ടി ആളുകൾക്ക് എൽ.എ 219/ 1965 , എൽ.എ 233 / 1965, എൽ.എ 501 / 1970 , എൽ.എ 504 / 1970 എന്നീ നമ്പർ പട്ടയങ്ങളിൽ നിന്ന് വിവിധ പ്രമാണങ്ങൾ വഴി ശേഷം അവകാശം സിദ്ധിച്ചിട്ടുള്ളതായി പരാമർശിച്ചു കാണുന്നു. NOC-ക്ക് അപേക്ഷ ലഭിച്ചത് കൂടാതെ എൽ.എ 926 / 1969 എന്ന ഒരു പട്ടയവും കൂടി ടി ഭാഗത്ത് ഉള്ളതായി അവകാശപ്പെടുന്നതായി കാണുന്നു.
(c) ദേവികുളം താലൂക്കിൽ (മുൻ ഉടുമ്പൻചോല താലൂക്ക്) ബൈസൺ വാലി വില്ലേജിലെ (മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35ൽ പ്പെട്ട 354 .5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽപ്പെട്ട ഭൂമിക്ക് ശരിയായ പരിശോധന കൂടാതെ എൻ.ഒ.സി റിപ്പോർട്ട് അയച്ച ബൈസൻവാലി വില്ലേജ് ആഫീസറുടെ നടപടിയും ആയതിന്മേൽ എൻ.ഒ.സി അനുവദിച്ച ദേവികുളം തഹസിൽദാരുടെ നടപടിയും ഗുരുതരമായ തെറ്റാണെന്ന് കാണാവുന്നതാണ്.
മുകളിലെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത് എന്താണ്? റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ രേഖകൾ എഴുതി ഉണ്ടാക്കുന്നു. അടി തൊട്ട് മുടി വരെ അഴിമതിയിൽ ആറാടി നിൽക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ മാത്രമല്ല ഇവിടെ കാണേണ്ടത്. റവന്യൂ ഭരണം കയ്യിലുള്ള രാഷ്ട്രീയ നേതൃത്വവും അതിൻറെ സർവീസ് സംഘടനകളും ഈ കൊള്ളയടിയിൽ പങ്കുവഹിക്കുന്നുണ്ട്. കുടിൽ മുതൽ കന്നുകാലി കൂടു വരെ ഉണ്ടാക്കുന്നതിന് എൻ. ഒ. സി നൽകുവാൻ തയ്യാറല്ലാത്ത റവന്യൂ താലൂക്ക് അധികാരികൾ തന്നെയാണ് ചൊക്രമുടിയിൽ എല്ലാവിധ രേഖകളും നൽകിയത്. കളക്ടറേറ്റിലും അതിനു മുകളിലും പിന്തുണക്കാർ ഉള്ളപ്പോൾ താലൂക്ക് വില്ലേജ് തലങ്ങളിൽ എന്തും ഉണ്ടാക്കി നൽകുവാൻ വലിയ ഉത്സാഹമാണ്.