പൂരം അലങ്കോലപ്പെടുത്തല്‍ : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍

തിരുവനന്തപുരം ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. പൂരം കലക്കല്‍ റിപ്പോര്‍ട്ടിന്‌ ഇനിയെന്തു പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്നും ആരോപണ വിധയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം പ്രഹസനമായെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചന

പ്രശ്‌നം നടക്കുമ്പോള്‍ മുഖ്യമന്ത്രിയും എഡിജിപിയും എന്ത്‌ കൊണ്ട്‌ ഇടപെട്ടില്ലെന്ന്‌ വി.ഡി സതീശന്‍ ചോദിച്ചു. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. പൂരം കലക്കലില്‍ ബിജെപിയും പ്രതിക്കൂട്ടിലാണ്‌. തൃശൂരില്‍ ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ ചര്‍ച്ചയും പിന്നീട്‌ നടന്ന സംഭവങ്ങളും. എല്ലാവരും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയാണിതെന്ന്‌ സതീശന്‍ ആരോപിച്ചു.

പൂരം കലക്കലില്‍ നിയമനടപടിയിലേയ്‌ക്ക്‌ നീങ്ങും

പ്രതിപക്ഷ നേതാവിന്‌ വേണ്ടിയാണ്‌ എഡിജിപി കൂടിക്കാഴ്‌ച നടത്തിയതെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യന്‍ അല്ലെന്നും പൂരം കലക്കലില്‍ നിയമനടപടിയിലേയ്‌ക്ക്‌ നീങ്ങുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. സെപ്‌റ്റംബര്‍ 24 ന്‌ ബ്ലോക്ക്‌ തലത്തിലും 28 ന്‌ തേക്കിന്‍കാട്‌ മൈതാനത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. .

Share
അഭിപ്രായം എഴുതാം