തൊടുപുഴ: തൊടുപുഴ എംഎൽഎ പിജെ ജോസഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎൽഎ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അവർ ബഹിഷ്കരിച്ചതെന്ന് അറിയില്ല. നേരത്തെ ഒരു പരിപാടിക്ക് ഇവിടെ വന്നപ്പോഴും എംഎൽഎ ഉണ്ടായിരുന്നില്ല. അതും ഒരു ബഹിഷ്കരണമായിരുന്നു എന്ന് പിന്നീട് മനസിലായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തൊടുപുഴ മണ്ഡലം നവകേരള സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ ഒൻപതാമത്തെ ജില്ലയിലെ പരിപാടിയിലും വലിയ പങ്കാളിത്തമാണ്. കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതുന്നതാണ് ഈ പങ്കാളിത്തം. ജനങ്ങൾ പതിനായിരങ്ങളായി ഒഴുകിയെത്തുന്നു. നല്ല ഒരുമയോടെയും ഐക്യത്തോടെയുമുള്ള ജനങ്ങളുള്ള നാടിന്റെ പുരോഗതി ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

