തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്.
അവധി അപേക്ഷ ഈ മാസം 30 ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം പരിഗണിക്കും. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരനും പിപി സുനീറും ആയിരിക്കും ചുമതലകള്‍ കൈകാര്യം ചെയ്യുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
അണുബാധയ്ക്ക് കുറവുണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാല്‍പാദം തന്നെ മുറിച്ച് കളയേണ്ടി വന്നതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കാര്യമായ പ്രശ്‌നം ഒന്നും ഇല്ലാത്ത വലതുകാലിലെ പാദമാണ് ഇപ്പോള്‍ മുറിച്ച് മാറ്റേണ്ടി വന്നത്.
അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കാനം പറഞ്ഞു