ഡൽഹി: ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും ഋഷി സുനക് പറഞ്ഞു. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂർത്തിയോടൊപ്പമാണ് സുനക് ക്ഷേത്ര സന്ദർശനം നടത്തിയത്.
സ്വാഭിമാനമുള്ള ഒരു ഹിന്ദു എന്ന നിലയിൽ ഇന്ത്യയുമായും ഇവിടുത്തെ ജനങ്ങളുമായും എന്നും ആത്മബന്ധമുണ്ടാകും’, ക്ഷേത്രസന്ദർശനത്തിന് ശേഷം ഋഷി സുനക് വ്യക്തമാക്കിയതായി ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ എക്സിൽ കുറിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ഇരുവരും പ്രത്യേക പൂജകളും നിർവഹിച്ചു.
സുനകിന്റെ സന്ദർശനത്തെ തുടർന്ന് ക്ഷേത്രത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സുനകും അക്ഷതയും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്. ഇന്ത്യയിലേക്കുള്ള സുനകിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഭഗവത് ഗീതയും ഹനുമാൻ ചാലിസയും രുദ്രാക്ഷവും നൽകിയായിരുന്നു കേന്ദ്രമന്ത്രി അശ്വിനി കുമാർ സുനകിനെ സ്വീകരിച്ചത്..



