ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ കരുത്തരായ ഇറാഖിനെതിരേ ഇന്ത്യക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍വി. നിശ്ചിതസമയത്ത് 2-2നു സമനിലയായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇന്ത്യ 5-4നു തോറ്റു. ഇന്ത്യയുടെ ആദ്യകിക്കെടുത്ത ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ കിക്ക് ഇറാഖ് ഗോളി ഹസന്‍ തടുത്തിടുകയായിരുന്നു.
നിശ്ചിതസമയത്ത് രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യ ഷൂട്ടൗട്ടില്‍ തോല്‍വിയേറ്റുവാങ്ങിയത്. ഇറാഖിന്റെ രണ്ടു ഗോളുകളും പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്നായിരുന്നു. രണ്ടു തവണയും ഇറാഖിനു പെനാല്‍ട്ടി സമ്മാനിച്ച് വില്ലനായത് വിംഗ് ബാക്ക് സന്ദേശ് ജിങ്കന്‍.
ലോകറാങ്കിങ്ങില്‍ 70-ാം സ്ഥാനത്തുള്ള ഇറാഖിനെ ഒട്ടും പേടികൂടാതെയാണ് ഇന്ത്യ നേരിട്ടത്. ഈ വര്‍ഷം പങ്കെടുത്ത മൂന്നു രാജ്യാന്തര ടൂര്‍ണമെന്റുകളിലും ജേതാക്കളായ ആത്മവിശ്വാസവുമായാണ് ഇന്ത്യ കിങ്‌സ് കപ്പിനെത്തിയത്.
ആക്രമിച്ചുകളിച്ച ഇറാഖിനെതിരേ 17-ാം മിനുട്ടില്‍ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ബ്രില്യന്റ് അസിസ്റ്റില്‍നിന്ന് നോരം മഹേഷാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. സഹലിന്റെ സുന്ദരമായ ത്രൂബോള്‍ മഹേഷ് അനായാസം വലയിലാക്കി.
പക്ഷെ 28-ാം മിനുട്ടില്‍ ഇറാഖ് ഒപ്പമെത്തി. ബോക്‌സിനുള്ളില്‍ ഇറാഖിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് സന്ദേശ് ജിങ്കന്റെ കൈകളില്‍ തട്ടി. ഇറാഖിന് അനുകൂലമായ പെനാല്‍ട്ടിയും ജിങ്കന് മഞ്ഞകാര്‍ഡും. അല്‍ ഹമാദിയുടെ പെനാല്‍ട്ടി കിക്ക് വലത്തേക്കു ഡൈവ് ചെയ്ത ഗുര്‍പ്രീത് സിംഗിന്റെ നീട്ടിയ കൈകളെ മറികടന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. 51-ാം മിനുട്ടില്‍ ഇറാഖ് ഗോള്‍കീപ്പര്‍ ഹസന്റെ സെല്‍ഫ് ഗോളില്‍ നിന്നാണ് ഇന്ത്യ വീണ്ടും ലീഡെടുത്തത്. വലതു വിംഗില്‍നിന്ന് മന്‍വീറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ഇറാഖ് ഗോള്‍കീപ്പര്‍ ഹസനു പിഴച്ചു. ഹസന്റെ കൈകളില്‍ തട്ടി പന്ത് സ്വന്തം വലയില്‍.
79-ാം മിനുട്ടില്‍ സന്ദേശ് ജിങ്കന്‍ വീണ്ടും പെനാല്‍ട്ടി വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ലോങ്‌ബോള്‍ ഓടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ അയ്‌മെന്‍ ഘധ്ബനെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. ഇറാഖിന് അനുകൂലമായി പെനാല്‍ട്ടി. കിക്കെടുത്ത ഘധ്ബനു പിഴച്ചില്ല.
നിശ്ചിതസമയം 2-2 സമനില തുടര്‍ന്നതോടെ കളി ഷൂട്ടൗട്ടിലേക്ക്.
ഇന്ത്യയുടെ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ കിക്ക് ഇറാഖ് ഗോള്‍കീപ്പര്‍ ഹസന്‍ തടുത്തിട്ടു. തുടര്‍ന്ന കിക്കെടുത്ത എല്ലാവരും സ്‌കോര്‍ ചെയ്തതോടെ ഇറാഖ് ഫൈനലില്‍. ഇന്ത്യക്കായി സന്ദേശ് ജിങ്കന്‍, സുരേഷ് സിംഗ്, അന്‍വര്‍ അലി, റഹിം അലി എന്നിവരും ഇറാഖിനായി സാലി, അലി ഖാദിം, അയ്‌മെന്‍ ഘധ്ബന്‍, അമിന്‍ അല്‍ഹമാവി, ബൊന്യന്‍ എന്നിവരും ലക്ഷ്യം കണ്ടു.
ഫൈനലില്‍ ഇറാഖ് ആതിഥേയരായ തായ്‌ലന്‍ഡും ലെബനനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ നേരിടും.