സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാഠാ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. സംവരണം ആവശ്യപ്പെട്ട് ജല്‍ന ജില്ലയില്‍ നിരാഹാരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് പ്രക്ഷോഭം ആളിക്കത്തിച്ചത്. സംസ്ഥാനത്ത് പല മേഖലകളിലും മറാഠകള്‍ സമരപാതയിലാണ്.
ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളെ പിളര്‍ത്തി എന്‍ഡിഎയുടെ കരുത്തു കൂട്ടിയ ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ന്നു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി സംവരണം വെല്ലുവിളിയായത്. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്ത ബിജെപിശിവസേന (ഷിന്‍ഡെ)എന്‍സിപി (അജിത് പവാര്‍) ഭരണമുന്നണി ഇതോടെ മറാഠകളെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാക്കി. സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമായ മറാഠകള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ എന്‍ഡിഎയുടെ കണക്കുകൂട്ടലുകള്‍ തെറ്റും. സാഹചര്യം പരമാവധി മുതലാക്കാനുള്ള ശ്രമം കോണ്‍ഗ്രസും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും ഉദ്ധവ് പക്ഷവും തുടങ്ങിക്കഴിഞ്ഞു. ശരദ് പവാറും ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവരെ ജല്‍ന ജില്ലയിലെത്തി സന്ദര്‍ശിച്ചു.ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജി മൂന്നു പാര്‍ട്ടികളും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആരംഭിക്കാനിരുന്ന ജനസംവാദ യാത്ര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. സംവരണ ആവശ്യവുമായി ജല്‍ന ജില്ലയില്‍ മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാരസമരത്തിനിടെ വെള്ളിയാഴ്ച കല്ലേറുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.7 ജില്ലകളില്‍ ബന്ദ് ആചരിച്ച സമരക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങളും പൊലീസ് വാഹനങ്ങളും ആക്രമിച്ചു. 15 ബസുകള്‍ അഗ്നിക്കിരയാക്കി. കല്ലേറില്‍ 40 പൊലീസുകാര്‍ക്കു പരുക്കുണ്ട്. 350 പേര്‍ക്കെതിരെ കേസെടുത്തു. മുംബൈ അടക്കം പലയിടത്തും ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. നീണ്ട സമരങ്ങളെത്തുടര്‍ന്ന് 2018ല്‍ മറാഠകള്‍ക്ക് 16% സംവരണം നല്കി നിയമസഭ ബില്‍ പാസാക്കിയിരുന്നു. ഇത് ഭേദഗതികളോടെ ബോംബെ ഹൈക്കോടതിയും അംഗീകരിച്ചെങ്കിലും സുപ്രീംകോടതി 2021ല്‍ സംവരണം റദ്ദാക്കുകയായിരുന്നു.