100 കോടി വിശക്കുന്ന വയറുകളായാണു ലോകം മുന്‍പ് ഇന്ത്യയെ കണ്ടത്. ഇപ്പോഴത് ഉയരാന്‍ കൊതിക്കുന്ന 100 കോടി മനസ്സുകളും 200 കോടി വിദഗ്ധകരങ്ങളുമായി മാറി. നമ്മളിപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം മാത്രമല്ല, ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം കൂടിയാണ്.2047നകം ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയില്‍ ലോകത്ത് ഒന്നാമതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷം തന്റെ സര്‍ക്കാര്‍ നല്‍കിയ രാഷ്ട്രീയസ്ഥിരതയുടെ ഫലമാണു രാജ്യം കൈവരിച്ച സാമ്പത്തികവളര്‍ച്ച. 2014നു മുന്‍പു രാജ്യം കണ്ട അസ്ഥിരസര്‍ക്കാരുകള്‍ക്കു കാര്യമായി ഒന്നും ചെയ്യാനായില്ല. രാജ്യത്തെ ഓരോ പൗരന്റെയും വളര്‍ച്ച ഉറപ്പാക്കുന്ന ‘സബ്കാ സാഥ്, സബ്കാ വിശ്വാസ്’ യജ്ഞം ലോകത്തിനു മാതൃകയാണെന്നും ജി 20 സമ്മേളനത്തിനു മുന്നോടിയായി വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നിരുത്തരവാദപരമായ സാമ്പത്തികനയങ്ങളും ജനങ്ങളെ ആകര്‍ഷിക്കാനുള്ള നടപടികളും ഹ്രസ്വകാല രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെങ്കിലും സാമൂഹിക,സാമ്പത്തിക മേഖലകളില്‍ ഭാവിയില്‍ അതിനു വലിയ വില നല്‍കേണ്ടി വരും. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയ രാജ്യങ്ങള്‍ സാമ്പത്തിക അച്ചടക്കത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങി. സാമ്പത്തിക അച്ചടക്കത്തില്‍ ശ്രദ്ധവേണമെന്നു സംസ്ഥാന സര്‍ക്കാരുകളോടു താന്‍ ആവശ്യപ്പെടാറുണ്ടെന്നും മോദി പറഞ്ഞു.
കശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ജി 20 യോഗങ്ങള്‍ നടത്തിയതില്‍ ചൈന എതിര്‍പ്പുന്നയിച്ചതിനെ മോദി തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ എല്ലായിടത്തും ജി 20 യോഗങ്ങള്‍ സംഘടിപ്പിക്കുന്നതു സ്വാഭാവികമാണ്. ജനങ്ങളുടെ കഴിവിലുള്ള വിശ്വാസം കൊണ്ടാണു ഡല്‍ഹിക്കു പുറത്തു വലിയ പരിപാടികള്‍ സംഘടിപ്പിച്ചത്. മുന്‍ സര്‍ക്കാരുകള്‍ക്ക് ഈ വിശ്വാസമുണ്ടായിരുന്നില്ല.
സൗരോര്‍ജത്തിനു പിന്നാലെ ജൈവ ഇന്ധനവുമായി ബന്ധപ്പെട്ടും രാജ്യാന്തര കൂട്ടായ്മ രൂപീകരിക്കാനുള്ള ഇന്ത്യയുടെ നിര്‍ദേശം ഊര്‍ജമേഖലയ്ക്കു കരുത്തു പകരും. ജി 20യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ആഗോളസഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
100 കോടി വിശക്കുന്ന വയറുകളായാണു ലോകം മുന്‍പ് ഇന്ത്യയെ കണ്ടത്: ജി 20 മോദിയുടെ വാക്കുകള്‍
