. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ചലച്ചിത്ര താരം നവ്യ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യ നായർക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മുംബൈയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നൽകി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
സച്ചിൻ സാവന്ത് നവ്യ നായർക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. എട്ട് തവണ സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമാ മേഖലയിലെ പലരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സച്ചിൻ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത നവ്യ നായർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിൻ സാവന്ത് തന്റെ കുടുബസുഹൃത്താണ്. മുംബൈയിൽ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു.

