ലോകത്തെ ആദ്യകോവിഡ് വാക്സിന്‍ റഷ്യ പുറത്തിറക്കുമോ….

മോസ്ക്കോ- അടുത്ത രണ്ടാഴ്ചക്കുളളില്‍ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന് റഷ്യ.  വാക്സിന്‍റെ ഫലപ്രാപ്തിയെപ്പറ്റിയും മറ്റുമായി നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ഇതര ലോകരാജ്യങ്ങളെ  പിന്നിലാക്കി ആദ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നറിയുന്നു. മോസ്ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗമേലെയാ എന്ന സ്ഥാപനമാണ്  കോവി‍ഡ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനോടടുത്ത് കോവിഡ് വാക്സിന്‍ രോഗികള്‍ക്ക് ലഭ്യമാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ അധികൃതര്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ് മെന്‍റ് ഫണ്ട് തലവനായ കിറൈല്‍ഡിമിട്രീവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ് മെന്‍റ് ഫണ്ടാണ് വാക്സിന്‍ ഗവേഷണത്തിനുളള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. 1957 ല്‍സോവിയറ്റ്  യൂണിയന്‍ ലോകത്ത് ആദ്യമായി സ്പുട്നിക്ക് വിക്ഷേപിച്ച് ചരിത്രത്തിന്‍റെ ഭാഗമായതുപോലെ  കോവിഡ് വാക്സിനേയും ഒരു ചരിത്ര ദൗത്യമായാണ് കാണുന്നതെന്ന് ഡിമിട്രീവ് പറഞ്ഞു.  എന്നാല്‍ കോവിഡ് വാക്സിനെ പറ്റിയുളള ശാസ്ത്രീയ ഡേറ്റകളൊന്നും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ വാക്സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിലും കൃത്യതയില്ല.

ആരോഗ്യ വിദഗ്ദരുടെ ഇടയില്‍നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.                ഇപ്പോള്‍ സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരീക്ഷണം കഴിഞ്ഞ് മനുഷ്യരിലുളള പരീക്ഷണത്തിനായി  അഞ്ചുവോളന്‍റീയര്‍മാര്‍ക്ക് ആദ്യഡോസ് നല്‍കിയതായും അവര്‍ സുരക്ഷിതരാണെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ആറ് കോവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് വെക്ടറില്‍ നടക്കുന്നത്.

100 ല്‍ഏറെ വാക്സിനുകള്‍ ലോകത്താകെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ ചൈനയിലെ മൂന്നെണ്ണവും ബ്രിട്ടണിലെ ഒരെണ്ണവും ഉള്‍പ്പടെ നാലെണ്ണം മനുഷ്യരിലുളള പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ചക്കുളളില്‍ അംഗീകാരം നല്‍കുമെന്ന് പറയുന്ന ഗമേലെയാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാക്സിന്‍ ഇതുവരെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. ഓഗസ്റ്റ് മൂന്നോടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുമെന്നും അവസാന ഘട്ടത്തിലേക്ക്  പ്രവേശിക്കുമെന്നും ഓഗസ്റ്റ്  ആദ്യവാരത്തോടെ വാക്സിന്‍റെ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടുമെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →